മൊഹാലി: അഫ്‌ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയില്‍ യുവതാരങ്ങളുടെ വെടിക്കെട്ടില്‍ ടീം ഇന്ത്യക്ക് ജയത്തുടക്കം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വേദിയായ ആദ്യ ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. അര്‍ധസെഞ്ചുറിയുമായി ശിവം ദുബെയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 38 പന്തില്‍ 50 തികച്ച ദുബെ 40 പന്തില്‍ 60* റണ്‍സുമായി പുറത്താവാതെ നിന്നു. ബൗളിംഗില്‍ ഒരു വിക്കറ്റും ദുബെ നേടിയിരുന്നു. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 158/5 (20), ഇന്ത്യ- 159/4 (17.3).
മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മ ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ പൂജ്യത്തിന് നാടകീയമായി പുറത്തായി. ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ റണ്ണിന് ശ്രമിച്ച് ശുഭ്‌മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തില്‍ രോഹിത് റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ ഗില്‍ അഞ്ച് ബൗണ്ടറികള്‍ പായിച്ച് മറുപടിക്കായി ശ്രമിച്ചെങ്കിലും നാലാം ഓവറിലെ അഞ്ചാം പന്തില്‍ മുജീബ് ഉര്‍ റഹ്‌മാന്റെ ബോളില്‍ ഗുര്‍ബാസ് സ്റ്റംപ് ചെയ്തു. 12 പന്തില്‍ 23 റണ്‍സാണ് ഗില്‍ നേടിയത്. വണ്‍ഡൗണ്‍ ബാറ്റര്‍ തിലക് വര്‍മ്മയാവട്ടെ 22 പന്തില്‍ 26 റണ്‍സുമായി മടങ്ങി. അസ്‌മത്തുള്ള ഒമര്‍സായിക്കായിരുന്നു വിക്കറ്റ്. ഇതിന് ശേഷം ശിവം ദുബെയ്‌ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ ആഞ്ഞടിച്ചെങ്കിലും ഫിനിഷിംഗിലേക്ക് നീണ്ടില്ല. 20 പന്തില്‍ 31 എടുത്ത ജിതേഷിനെ അതിര്‍ത്തിയില്‍ ഇബ്രാഹിം സദ്രാന്റെ കൈകളിലാക്കി മുജീബ് രണ്ട് വിക്കറ്റ് തികച്ചു.
അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ദുബെയ്‌ക്കൊപ്പം റിങ്കു സിംഗ് നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ചു. ആറ് വിക്കറ്റ് കയ്യിലിരിക്കേ അവസാന അഞ്ചോവറില്‍ 28 റണ്‍സ് മാത്രം മതി ഇന്ത്യക്ക് ജയിക്കാനെന്നായി. എന്നാല്‍ പിന്നീടങ്ങോട്ട് അനായാസമായി മത്സരം ഫിനിഷ് ചെയ്തു ശിവം ദുബെയും റിങ്കു സിംഗും. ദുബെ 40 പന്തില്‍ 60* ഉം, റിങ്കു 9 പന്തില്‍ 16* ഉം റണ്‍സുമായി പുറത്താവാതെ നിന്നു
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കുകയായിരുന്നു. 27 പന്തില്‍ 42 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് അഫ്‌ഗാന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി അക്സര്‍ പട്ടേലും മുകേഷ് കുമാറും രണ്ട് വീതവും ശിവം ദുബെ ഒരു വിക്കറ്റും നേടി.
മൊഹാലിയിലെ കൊടുംതണുപ്പില്‍ അഫ്‌ഗാനിസ്ഥാന്‍ സാവധാനമാണ് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ച് തുടങ്ങിയത്. സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിന്റെ എട്ടാം ഓവറിലെ അവസാന പന്തില്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ സ്റ്റംപ് ചെയ്തു. ഗുര്‍ബാസിന് 28 പന്തില്‍ 23 റണ്‍സേയുണ്ടായിരുന്നുള്ളൂ. തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ ശിവം ദുബെ അഫ്‌ഗാന്‍ ക്യാപ്റ്റന്‍ കൂടിയായ സദ്രാനെ (22 പന്തില്‍ 25) രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ ടി20 അരങ്ങേറ്റക്കാരന്‍ റഹ്‌മത്ത് ഷായെ (6 പന്തില്‍ 3) അക്‌സര്‍ ബൗള്‍ഡാക്കിയതോടെ അഫ്‌ഗാന്‍ 9.6 ഓവറില്‍ 57-3 എന്ന നിലയിലായി.
ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ അസ്മത്തുള്ള ഒമര്‍സായും മുഹമ്മദ് നബിയും ബൗണ്ടറികളുമായി അഫ്‌ഗാനിസ്ഥാനെ 15-ാം ഓവറിലെ മൂന്നാം പന്തില്‍ 100 കടത്തി. അര്‍ധസെഞ്ചുറി കൂട്ടുകെട്ടിന് പിന്നാലെ മുകേഷ് കുമാറിനെ ബൗണ്ടറികള്‍ക്ക് ശിക്ഷിച്ച് നബി അഫ്‌ഗാന് ആത്മവിശ്വാസമേകി. 68 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 18-ാം ഓവറിലെ ആദ്യ പന്തില്‍ മുകേഷ് തന്നെ പൊളിച്ചു. 22 പന്തില്‍ 29 റണ്‍സുമായി ഒമര്‍സായ് മടങ്ങുകയായിരുന്നു. മുകേഷിന്റെ 18-ാം ഓവറിലെ അവസാന പന്തില്‍ നബി (27 പന്തില്‍ 42) റിങ്കു സിംഗിന്റെ പറക്കും ക്യാച്ചില്‍ മടങ്ങിയതോടെ ഇന്ത്യ പിടിമുറുക്കി. എങ്കിലും അര്‍ഷ്‌ദീപ് സിംഗിന്റെ അവസാന ഓവറില്‍ 18 റണ്‍സ് അടിച്ച് നജീബുള്ള സദ്രാന്‍ (11 പന്തില്‍ 19*), കരീം ജനാത് (5 പന്തില്‍ 9*) എന്നിവര്‍ അഫ്‌ഗാനെ സുരക്ഷിത സ്കോറിലെത്തിക്കുകയായിരുന്നു.