ഇസ്‌ലാമാബാദ്: പാകിസ്താന്‍ മിന്നലാക്രമണം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം ഇന്ത്യയ്ക്ക് തലമുറകളോളം താങ്ങാനാവില്ലെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഫെരീഫ്.
മിന്നലാക്രമണം എന്തെന്ന് വരും തലമുറയ്ക്ക് പഠിക്കാന്‍ അത് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്ന് റഹീല്‍ ഫെരീഫ് പറഞ്ഞു.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ പാക് സൈന്യം സജ്ജമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്ന വിവരം അദ്ദേഹം തള്ളിക്കളഞ്ഞു. ഇന്ത്യന്‍ സൈന്യത്തിനെ ഒരു പാഠം പഠിപ്പിക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
നവംബര്‍ 29 ന് സൈനിക മേധാവിസ്ഥാനം ഒഴിയാനിരിക്കെയാണ് ഇന്ത്യയ്‌ക്കെതിരായ റഹീല്‍ ഷെരീഫിന്റെ പ്രസ്താവന. മുന്‍ പാക്ക് താരം ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
മൂന്നുവര്‍ഷത്തെ കാലാവധി അവസാനിക്കുന്ന നവംബര്‍ 29 ന് താന്‍ വിരമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ കുംബത്തിന്റെ ക്ഷേമത്തിനായിരിക്കും തന്റെ ശിഷ്ടജീവിതമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.