ന്യൂഡല്‍ഹി: ലോകജനസംഖ്യയുടെ കാര്യത്തില്‍ വലിയ സംഭാവനയാണ് ഇന്ത്യയുടേത്. ശരാശരി 49 കോടി കുട്ടികളാണ് ഇന്ത്യയില്‍ ഉള്ളത്. എന്നാല്‍ ഇവരുടെ എല്ലാത്തരത്തിലുമുള്ള അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നില്ല. വീട്ടില്‍ നിന്നുള്ള മാതാപിതാക്കളുടെ സംരക്ഷണവും സുരക്ഷിതത്വവും ഒരു കുട്ടിയുടെ അവകാശം തന്നെയാണ്. എന്നാല്‍ അവരുടെ പ്രാഥമിക വിദ്യാഭ്യാസവും ആരോഗ്യവും സര്‍ക്കാരില്‍ കൂടി നിക്ഷിപ്തമായ അവകാശങ്ങളാണ്.
ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരമുള്ള ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക വളര്‍ച്ച വളരെ പരിതാപകരമാണ്. എല്ലാ കുട്ടികള്‍ക്കും 18 വയസ്സാകുമ്പോഴേയ്ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ സര്‍വ്വേയില്‍ 1 പോയന്റ് ലഭിക്കും. എന്നാല്‍ ലോകത്തിലെ ഒരു രാജ്യത്തിനും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ലോകബാങ്കിന്റെ മാനവ മൂലധന സൂചികയില്‍ മുന്നിട്ടു നില്‍ക്കുന്ന സിംഗപ്പൂരിന് പോലും ഇക്കാര്യത്തില്‍ മുന്നോട്ട് വരാന്‍ സാധിച്ചിട്ടില്ല.
ഇന്ത്യയുടെ പോയന്റ് നില 0.44 ആണ്. പുറകില്‍ നിന്ന് മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്ത്യന്‍ കുടുംബങ്ങളില്‍ കുട്ടികള്‍ക്കായുള്ള ആളോഹരി വരുമാനം 0.96 പോയന്റാണ്. 38 ശതമാനത്തോളം അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആരോഗ്യ നില വളരെ പരിതാപകരമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ബാല്യങ്ങള്‍ വലിയ പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നത്.
വിദ്യാഭ്യാസത്തിനായി വലിയ പദ്ധതികള്‍ ആവിഷ്‌ക്കിച്ച് സ്‌ക്കൂളുകളുടെ എണ്ണം കൂട്ടുന്നതല്ലാതെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെക്കുറിച്ച് ആരും ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.
ഭക്ഷണത്തിനു വേണ്ടിയുള്ള അവകാശം കുട്ടികള്‍ക്ക് അനുവദിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഒരാളുടെ ജീവിത്തിന്റെ ആദ്യ അഞ്ച് വയസ്സുവരെയുള്ള കാലഘട്ടത്തില്‍ പോലും ഇത്തരത്തില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല.
അഞ്ചില്‍ രണ്ട് ഇന്ത്യന്‍ കുട്ടികള്‍ വളര്‍ച്ചാ പ്രശ്‌ന നേരിടുന്നവരാണ്. ഏഴില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. നെല്ല്, ഗോതമ്പ് ഉല്‍പ്പാദന മേഖലകളില്‍ ഇന്ത്യ ലോകരാജ്യങ്ങളോട് കിടപിടിക്കുന്ന സമയത്താണ് ഇവിടെ കുട്ടികള്‍ വിശന്നു വലയുന്നത്. റൈറ്റ് ടു ഫുഡ് സെക്യൂരിറ്റി നിയമത്തിന്റെ ഭേദഗതികള്‍ക്ക് എന്‍ഡിഎ സര്‍ക്കാരാണ് തടസ്സം നിന്നത്. അതിന്റെ പരിണിത ഫലമാണ് ലോകബാങ്ക് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.