പാക്കിസ്ഥാനെ തുണ്ടമാക്കിയ ഇന്ദിരയെ ഈ ഘട്ടത്തിൽ ഓർക്കുന്നത് നല്ലതാണ്. . .

മേരിക്കയാണോ റഷ്യയാണോ ഇന്ത്യക്ക് വിശ്വസിക്കാന്‍ കഴിയുന്ന രാജ്യം ? ഈ ചോദ്യം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ലോക രാഷ്ട്രങ്ങള്‍ക്കിടയിലും ഉയര്‍ന്നു കഴിഞ്ഞു. ‘നല്ല വാര്‍ത്തയാണ് പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും കേള്‍ക്കുന്നതെന്ന് ‘ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് തടവിലായിരുന്ന ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ണ്ടറെ മോചിപ്പിക്കാം എന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ ഇതാ പാക്കിസ്ഥാന്‍ അമേരിക്കക്ക് നന്ദിയും പറഞ്ഞിരിക്കുന്നു. ഇന്ത്യ-പാക്ക് സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്ല പങ്ക് വഹിച്ചതായാണ് പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറൈശി തുറന്ന് പറഞ്ഞിരിക്കുന്നത്. പാക്കിസ്ഥാനും അമേരിക്കയും ഇപ്പോഴും നല്ല ബന്ധത്തിലാണെന്ന സൂചനയും പരസ്യമായി തന്നെ അദ്ദേഹം നല്‍കുന്നു.

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ എഫ് 16 യുദ്ധ വിമാനം വിലക്ക് ലംഘിച്ച് ഉപയോഗിച്ചതിന് ഈ സാഹചര്യത്തില്‍ അമേരിക്ക പാക്കിസ്ഥാനെതിരെ നടപടി സ്വീകരിക്കുമോ എന്ന കാര്യം തന്നെ സംശയമാണ്. ഒരേ സമയം രണ്ടു തോണിയില്‍ കാല്‍ വയ്ക്കുന്ന ഏര്‍പ്പാടാണ് അമേരിക്ക നടത്തിയിരിക്കുന്നത് എന്നതും വ്യക്തമാണ്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ബോംബുകള്‍ വര്‍ഷിച്ച് മടങ്ങിയ പാക്കിസ്ഥാനോട് അനുനയത്തിന്റെ പാതയില്‍ പോകാന്‍ ട്രംപ് അല്ല , ആര് പറഞ്ഞാലും പോയി പണി നോക്കാന്‍ പറയണം.അതാണ് ഇന്ത്യന്‍ ഭരണകൂടം ചെയ്യേണ്ടത്.അല്ലാതെ വീണ്ടും ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രഹസനമാകുമെന്ന് ഉറപ്പുള്ള തെളിവുകള്‍ കൈമാറുകയല്ല ചെയ്യേണ്ടത്.

പാക്ക് പ്രധാനമന്ത്രി സൗഹൃദത്തിന് വിളിച്ചപ്പോള്‍ മുഖം തിരിച്ച നടപടി എന്തായാലും സ്വാഗതാര്‍ഹമാണ്. അത് തുടരണം. തിരിച്ചടി നല്‍കും വരെയെങ്കിലും രാജ്യം അത് ആഗ്രഹിക്കുന്നുണ്ട്.ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാക്ക് സൈന്യം ആക്രമിച്ചതിന് ശക്തമായി തിരിച്ചടിക്കാന്‍ കഴിയാത്തതില്‍ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ നില നില്‍ക്കുന്നത്.

വിങ് കമാന്‍ണ്ടര്‍ അഭിനന്ദനെ വച്ച് വിലപേശാനുള്ള ഒരു പാക്ക് ഇടപാടിനും ഇന്ത്യ നിന്നു കൊടുത്തിട്ടില്ലന്നത് മാത്രമാണ് ഇപ്പോള്‍ ആശ്വാസകരമായിട്ടുള്ളത്. ലോകത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ സൈന്യം തന്നെ പരസ്യപ്പെടുത്തിയ സാഹചര്യത്തില്‍ ഇനി ഒരു തിരിച്ചടി കൊടുക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. അല്ലങ്കില്‍ ഈ മണ്ണില്‍ കടന്ന് ആക്രമിച്ചിട്ടും ഒന്നും ചെയ്തില്ലന്ന ചീത്ത പേര് ചരിത്രത്തില്‍ തന്നെ ഇടം പിടിക്കും. യുദ്ധം ആഗ്രഹിക്കാത്ത ഇന്ത്യയിലെ ജനത പോലും ഈ കടന്നാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന അഭിപ്രായക്കാരാണ്. നമ്മുടെ സൈന്യത്തിന്റെ മനോവീര്യം കെടാതിരിക്കാനും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കാനും അത് നിര്‍ബന്ധമാണ്.

പാക്കിസ്ഥാനെ പോലെയുള്ള ഒരു ഭീകര രാജ്യത്തിനോട് ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പറയുന്നതില്‍ ഒരു കാര്യവുമില്ല. ഇപ്പോള്‍ ചെയ്തത് പോലെ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ചെന്ന് തകര്‍ക്കുക മാത്രമാണ് പോംവഴി. അല്‍ ഖ്വദ തലവന്‍ ഒസാമ ബിന്‍ ലാദനെ പാക്കിസ്ഥാനില്‍ കയറി കൊന്ന അമേരിക്കക്ക് ഇന്ത്യയോട് സംയമനം പാലിക്കാന്‍ പറയാന്‍ അവകാശമില്ല . വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ ബോംബിട്ട് തകര്‍ത്തത് ലോക പൊലീസ് ചമയുന്ന അമേരിക്കയുടെ കഴിവ് കേടാണ് കൊണ്ട് മാത്രമാണ്.

അതേസമയം, ഇന്ത്യക്ക് പാക് യുദ്ധവിമാനങ്ങളെ തുരത്താനും അവരുടെ ലക്ഷ്യം തകര്‍ക്കാനും കഴിഞ്ഞിട്ടുണ്ട്. പാക്ക് യുദ്ധവിമാനം വെടിവെച്ചിട്ടതിനു ശേഷമാണ് വിങ് കമാണ്ടര്‍ അഭിനന്ദന്‍ പോലും ബന്ദിയാക്കപ്പെട്ടത്. അക്കാര്യത്തില്‍ എന്തായാലും അഭിമാനിക്കാവുന്നതാണ്. പക്ഷേ അതിര്‍ത്തി കടന്ന് പാക്ക് യുദ്ധവിമാനങ്ങള്‍ ആക്രമണ ശ്രമം നടത്തിയതിന് മറുപടി കൊടുത്തേ പറ്റൂ. അവര്‍ നമ്മുടെ ഒരു യുദ്ധവിമാനം വെടിവെച്ചിട്ടപ്പോള്‍ നമ്മള്‍ ഒരു വിമാനം വെടിവെച്ചിട്ടു എന്ന് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. അമേരിക്കയെ ആണോ റഷ്യയെ ആണോ ഇന്ത്യ കൂടുതല്‍ വിശ്വാസത്തിലെടുക്കേണ്ടത് എന്ന കാര്യം കൂടി ഈ ഘട്ടത്തില്‍ പ്രസക്തമാണ്.

പരസ്യമായി ഇന്ത്യക്ക് അനുകുലമായി പ്രതികരണം നടത്തി ആളാകാന്‍ അമേരിക്ക ശ്രമിച്ചപ്പോയാണ് റഷ്യ സൈലന്റായത്. റഷ്യയുടെ ഇടപെടലിനെ തുടര്‍ന്ന് മാത്രമാണ് ചൈന പാക്കിസ്ഥാനെ സൈനികമായി സഹായിക്കാതിരുന്നത്. അല്ലാതെ അമേരിക്കയുടെ ഇടപെടല്‍ പേടിച്ചിട്ടല്ല. ഇത്തിരി പോന്ന ഉത്തര കൊറിയന്‍ ഭരണാധികാരി കണ്ണുരിട്ടിയപ്പോള്‍ പേടിച്ച രാജ്യമാണ് അമേരിക്ക എന്നുകൂടി നാം ഓര്‍ക്കണം.സഹായങ്ങള്‍ വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും വേണം. അത് നമ്മള്‍ ആവശ്യപ്പെട്ടാലും ഇല്ലങ്കിലും.ഇവിടെയാണ് റഷ്യയെ നമ്മള്‍ വിശ്വസിക്കേണ്ടത്. സോവിയറ്റ് കാലഘട്ടം മുതല്‍ ആ രാജ്യം ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണ്.

ഇന്ത്യ പാക്ക് യുദ്ധകാലത്ത് പാക്കിസ്ഥാനെ സഹായിക്കാന്‍ വന്ന അമേരിക്കന്‍ പടക്കപ്പലുകളെ തുരത്തിയോടിച്ച ചരിത്രവും സോവിയറ്റ് കപ്പല്‍ പടക്കുണ്ട്.കാശ്മീരില്‍ പാക്കിസ്ഥാന്‍ ഇപ്പോള്‍ ചെയ്യുന്നതിന് സമാനമായ പ്രകോപനത്തിനാണ് 1971 ലും ആ രാജ്യം ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അതിശക്തമായി ഇതിനെ രാജ്യാന്തര വേദികളില്‍ ചോദ്യം ചെയ്ത ശേഷം യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഒരുലക്ഷത്തോളം പാക്ക് സൈനികരെ തടവിലാക്കി പാക്കിസ്ഥാനെ തുണ്ടമാക്കി ബംഗ്ലാദേശ് എന്ന രാജ്യം തന്നെ ഇന്ദിരയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് രൂപീകരിച്ചു. തലമുറകളെ ഇന്നും ആവേശത്തിലാക്കുന്ന ചരിത്രമാണത്.

സോവിയറ്റ് യൂണിയന്റെ സഹായം ഒരു കാലത്തും ഇന്ത്യക്ക് മറക്കാന്‍ കഴിയുന്നതല്ല. ഇന്ദിരാഗാന്ധി സോവിയറ്റ് യൂണിയനില്‍ പോയി പിന്തുണ ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാണ് പാക്കിസ്ഥാന് എതിരെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചിരുന്നത്. സംഘര്‍ഷ സമയത്തും പാര്‍ട്ടി പരിപാടികളുടെ തിരക്കിലായിരുന്നില്ല ഇന്ദിര. അമേരിക്കയെ നമ്പി ഇന്ത്യയോട് മുട്ടാന്‍ വന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി കിട്ടിയത് നാം ഓര്‍ക്കാതെ പോകരുത്. അമേരിക്കയുമായല്ല, റഷ്യയുമായാണ് ഇന്ത്യ സൈനികമായ അടുത്ത അടുപ്പം സൂക്ഷിക്കേണ്ടത്.ഈ രാജ്യം സുരക്ഷിത കരങ്ങളിലെന്ന് ഇപ്പോള്‍ മോദി പറയുമ്പോള്‍ ഇന്ദിരയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതമായ ആ കാലഘട്ടം ഓര്‍ക്കുന്നത് നല്ലതാണ്.

പലിശയടക്കം പാക്കിസ്ഥാനെ അടിച്ച് ഓടിച്ച് വിട്ട ചരിത്രം മാത്രമാണ് ഇന്ത്യക്ക് നാള്‍ ഇതുവരെ ഉണ്ടായിരുന്നത്. ആ ചരിത്രം തിരുത്തുന്നത് ഒരു രാജ്യസ്‌നേഹിക്കും സഹിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ തെളിവുകള്‍ സേന പുറത്ത് വിട്ടപ്പോള്‍ ജനങ്ങളുടെ രക്തം തിളക്കുന്നത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും മീതെയാണ് ആ ദേശീയ വികാരം. അത് കണ്ടില്ലെന്ന് നടിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് എറിയപ്പെടുക.

Top