തിരിച്ചടി അനിവാര്യം, യുദ്ധമാണെങ്കിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചേക്കും

ലോകം ഉറ്റുനോക്കുന്നത് ഇപ്പോള്‍ ഇന്ത്യയിലേക്കാണ് . ജമ്മു കാശ്മിലെ പുല്‍വാമ സ്‌ഫോടനത്തോടുള്ള ഇന്ത്യയുടെ മറുപടി എങ്ങനെ ആയിരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതിര്‍ത്തി കടന്ന് എന്ത് സൈനിക നടപടി ഭീകര താവളങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം സ്വീകരിച്ചാലും പാക്ക് സൈന്യം പ്രത്യാക്രമണത്തിന് മുതിരാനുള്ള സാധ്യത കൂടുതലാണ്. ഈ ഒരു സാഹചര്യത്തില്‍ തുറന്ന യുദ്ധത്തിലേക്ക് തന്നെ കാര്യങ്ങള്‍ എത്തിയേക്കും.

ഇത് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ വരെ കാര്യങ്ങള്‍ ചെന്നെത്താന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും റഫേല്‍ വിവാദത്തിലും പ്രതിപക്ഷ ഐക്യത്തിലും പെട്ട് പ്രതിരോധത്തിലായ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ സാധ്യതയെ തള്ളിക്കളയാന്‍ കഴിയുന്നതല്ല. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ തിരഞ്ഞെടുപ്പ് പോലും നീട്ടിവയ്‌ക്കേണ്ടി വരും.ബി.ജെ.പിയുടെ കണ്ണിലെ കരടായ ബംഗാള്‍, കേരള സര്‍ക്കാരുകള്‍ ഉള്‍പ്പെടെ പിരിച്ചുവിടാനും അടിയന്തരാവസ്ഥ
കാരണമായേക്കും.

രാജ്യത്തിന്റെ ഭരണ സംവിധാനത്തെയോ രാഷ്ട്രീയ സാമൂഹ്യ ക്രമത്തേയോ, സമ്പദ്ഘടനയെയോ അട്ടിമറിച്ചേക്കാവുന്ന അടിയന്തര ഘട്ടത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാജ്യത്തെ ഭരണകൂടത്തിന് അധികാരമുണ്ട്. ആഭ്യന്തര കലാപം, പ്രകൃതിക്ഷോഭം, യുദ്ധപ്രഖ്യാപനം തുടങ്ങിയവ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങളാണ്.

ഇന്ത്യയില്‍ മൂന്ന് തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. 1962 ഒക്ടോബര്‍ 26നും 1971 ഡിസംബര്‍ 3നും 1975 ജൂണ്‍ 26നു മാണിത്. ആദ്യത്തെ രണ്ടും ചൈനയുടെയും പാക്കിസ്ഥാന്റെയും ആക്രമണം മൂലമായിരുന്നു.മൂന്നാമത്തെതാകട്ടെ ആഭ്യന്തര കാരണത്താലും ആയിരുന്നു.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അവരുടെ തെരെഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയതോടയാണ് ഏറ്റവും ഒടുവില്‍ അടിയന്തരാവസ്ഥക്ക് കളമൊരുങ്ങിയത്. 1975 മുതല്‍ 18 മാസങ്ങളായിരുന്നു നീണ്ടു നിന്നിരുന്നത്.

കേരളത്തില്‍ ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറിയതും ഈ കാലഘട്ടത്തിലാണ്.

കാശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു അടിയന്തരാവസ്ഥക്കുള്ള സാധ്യത തെളിയുന്നത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ചും ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

ഇന്ത്യ നല്‍കാന്‍ പോകുന്ന തിരിച്ചടിക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന മറുപടി ആയിരിക്കും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക. ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരനായ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ താമസിക്കുന്ന സ്ഥലം ലക്ഷ്യമിട്ട് മിന്നലാക്രമണം നടത്താനാണ് ഇന്ത്യയുടെ നീക്കം. പാക്ക് സൈനത്തിന്റെ സംരക്ഷണത്തിലാണ് തീവ്രവാദികള്‍ എന്നതിനാല്‍ ഇന്ത്യന്‍ ആക്രമണം കടുത്തതായിരിക്കും.

ഇനി, പാക്കിസ്ഥാനുമായി ഒരു യുദ്ധമുണ്ടായാല്‍ പാക്ക് അധീന കാശ്മീരും ബലൂചിസ്ഥാനും ഇന്ത്യന്‍ സേന മോചിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മുസ്ലീം രാഷ്ട്രമായ ഇറാനും നിലവില്‍ ഇന്ത്യക്കൊപ്പമാണ്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരിച്ചടിക്കാന്‍ സൈന്യത്തിന് കേന്ദ്ര സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയ സാഹചര്യത്തില്‍ പന്ത് ഇനി സൈനിക നേതൃത്വത്തിന്റെ കോര്‍ട്ടിലാണ്. സമയവും സന്ദര്‍ഭവും നോക്കി ഒരാക്രമണം അത് ഉറപ്പാണ്.

Top