പിച്ചിനെച്ചൊല്ലിയുള്ള കരച്ചില്‍ അവസാനിപ്പിക്കൂ; ഇംഗ്ലണ്ടിനോട് വിവിയന്‍ റിച്ചാര്‍ഡ്

ന്യൂഡല്‍ഹി: ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായി ഒരുക്കിയ പിച്ചിനെ വിമര്‍ശിച്ചവര്‍ക്കെതിരേ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. സ്പിന്‍ ലാന്‍ഡില്‍ ഇത്തരമൊരു ടേണിങ് ട്രാക്ക് കണ്ടതില്‍ അദ്ഭുതപ്പെടാന്‍ എന്താണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ പിച്ചിനെ കുറിച്ചുള്ള വിലപിക്കല്‍ അവസാനിപ്പിക്കണമെന്ന് പറഞ്ഞ റിച്ചാര്‍ഡ്‌സ്, സന്ദര്‍ശകര്‍ ഇത്തരം പ്രതിസന്ധികള്‍ നേരിടാനായി ഇനിയും മെച്ചപ്പെടാന്‍ ശ്രമിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റ് വെറും രണ്ടു ദിവസത്തിനുള്ളിലാണ് അവസാനിച്ചത്. ഇന്ത്യ 10 വിക്കറ്റിന് ജയിക്കുകയും ചെയ്തിരുന്നു. ആര്‍. അശ്വിനും അക്‌സര്‍ പട്ടേലും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ആദ്യ ഇന്നിങ്‌സില്‍ 112 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 81 റണ്‍സും മാത്രമേ ഇംഗ്ലണ്ടിന് നേടാന്‍ സാധിച്ചുള്ളൂ.

ഇതോടെ മുന്‍ ഇംഗ്ലണ്ട് താരങ്ങളായ മൈക്കല്‍ വോണ്‍, അലിസ്റ്റര്‍ കുക്ക്, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവര്‍ പിച്ചിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അതേസമയം അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിനും ഇതേ തരത്തിലുള്ള പിച്ച് തന്നെ ഒരുക്കണമെന്നും റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു.

 

Top