അതിര്‍ത്തി കടന്ന് വിശ്വരൂപം കാട്ടിയ ഇന്ത്യന്‍ സേന ജമ്മു കാശ്മീരിലും പിടിമുറുക്കുന്നു.പാക്ക് തീവ്രവാദികളെ സഹായിക്കുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്യുന്നവരെ പിടികൂടുക അല്ലങ്കില്‍ വധിക്കുക എന്ന പ്രക്രിയയാണ് ഇപ്പോള്‍ കാശ്മീരില്‍ നടക്കുന്നത്. നിരപരാധികള്‍ സൈനിക നടപടിയില്‍പ്പെട്ട് പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം സൈനിക മേധാവികള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ കമ്പനി പരാമിലട്ടറി ഫോഴ്‌സിനെയും താഴ്വരയില്‍ വിന്യസിച്ചിട്ടുണ്ട്. പുല്‍വാമയില്‍ കാശ്മീരി യുവാവിനെ പാക്ക് ഭീകരര്‍ മനുഷ്യ ബോംബാക്കിയ സാഹചര്യം ഇനി ഉണ്ടാവരുതെന്നാണ് സൈനിക നേതൃത്വം ആഗ്രഹിക്കുന്നത്. വിഘടനവാദി നേതാക്കള്‍ക്കെതിരെയും ശക്തമായ നടപടി തുടരും.
ഇന്ത്യയില്‍ ജീവിച്ച് ഇവിടുത്തെ ഭക്ഷണം കഴിച്ച് രാജ്യദ്രോഹ നടപടി സ്വീകരിക്കാന്‍ ആരെയും അനുവദിക്കില്ലന്നതാണ്‌സൈനിക നേതൃത്വത്തിന്റെ നിലപാട്. കാശ്മീരിനെ ക്ലീന്‍ ആക്കാന്‍ ഗവര്‍ണ്ണറുടെ സുരക്ഷാ ഉപദേഷ്ടാവും മുന്‍ ഐ.പി.എസ് ഓഫീസറുമായ വിജയകുമാറിന്റെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്.പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുന്നതിനു മുന്‍പ് തന്നെ സുരക്ഷാ സേന കാശ്മീരിനെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കിയിരുന്നു.
ഇപ്പോഴത്തെ ഓപ്പറേഷനോടെ പൂര്‍ണ്ണമായും ഭീകരരെ ഉന്‍മൂലനം ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഒരു കാലത്ത് സിഖ് ഭീകരരുടെ വിളഭൂമിയായിരുന്ന പഞ്ചാബിലെ ആക്രമണം അടിച്ചമര്‍ത്തിയ മോഡലില്‍ കാശ്മീരിലും സാധ്യമാകുമെന്നാണ് സൈനിക നേതൃത്വം കരുതുന്നത്.അതിന് പക്ഷേ പഞ്ചാബിനേക്കാള്‍ കടുപ്പമേറിയ നടപടികളാണ് ഇപ്പോള്‍ സുരക്ഷാ സേന പിന്തുടരുന്നത്. പാക്കിസ്ഥാന് വേണ്ടിയും ഭീകരര്‍ക്കു വേണ്ടിയും ഒരു ചെറുവിരല്‍ കാശ്മീരില്‍ ഉയര്‍ന്നാല്‍ കൊന്ന് കളയാനാണ് തീരുമാനം.സൈനിക നേതൃത്വം തന്നെ നേരത്തെ ഇതു സംബന്ധമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നതും ആക്രമണം അരങ്ങേറുന്നതും കണ്ട് നില്‍ക്കാന്‍ കഴിയില്ലന്നതാണ് സൈന്യത്തിന്റെ നിലപാട്. മുന്‍കാലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലപാടാണിത്.
ഇനി സമാധാനം പറഞ്ഞിട്ട് കാര്യമില്ലന്നും കടുത്ത നടപടികളിലൂടെ ഭീകരരെ ഉന്മൂലനം ചെയ്യുക മാത്രമേ വഴി ഒള്ളൂ എന്നും സൈന്യം പറയുമ്പോള്‍ കേന്ദ്ര സര്‍ക്കാരും ഈ നിലപാടിന് പിന്തുണ നല്‍കുകയാണ്. ഇപ്പോഴത്തെ സാഹചര്യം ശരിക്കും ഉപയോഗപ്പെടുത്തി കാശ്മീരിനെ സമാധാന അന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണവും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സൈനിക നേതൃത്യം കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനായി ഇസ്രയേല്‍ ടെകനോളജി ഉപയോഗപ്പെടുത്തണമെന്നതാണ് നിര്‍ദ്ദേശം. അതേസമയം പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ പാക്ക് അധിനിവേശ കാശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കാന്‍ സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും ശക്തമായിട്ടുണ്ട്. പാക്ക് അധീന കാശ്മീര്‍ കൂടി ഇന്ത്യയുടെ ഭാഗമാക്കുകയും ബലൂചിസ്ഥാന്‍ സ്വതന്ത്രമാക്കുകയും ചെയ്താലേ പൂര്‍ണ്ണമായും ഭീകരരെ തുടച്ച് നീക്കാന്‍ കഴിയൂ എന്ന നിലപാടാണ് സേനാ വിഭാഗത്തിനുള്ളത്. അതിനുള്ള ഒരവസരത്തിനായാണ് ഇന്ത്യന്‍ സൈന്യം കാത്തിരിക്കുന്നത്.