പാക്കിസ്ഥാന്റെ ചുറ്റും വളഞ്ഞ് ഇന്ത്യ . . . എന്ത് കടുംകൈ പ്രയോഗത്തിനും തയ്യാർ !

പാക്കിസ്ഥാനെ വീണ്ടും പാഠം പഠിപ്പിക്കാന്‍ ഇന്ത്യ. അതിര്‍ത്തി ലംഘിച്ച പാക്ക് യുദ്ധവിമാനം വെടിവെച്ചിട്ട ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് ചുറ്റും ഇപ്പോള്‍ വലയം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഒരു പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന പാക്കിസ്ഥാന്‍ വാദം സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നേവി പാക്കിസ്ഥാന്‍ ലക്ഷ്യമിട്ട് അന്തര്‍വാഹിനികളും പടക്കപ്പലുകളും സജീകരിച്ച് നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യക്ക് ജലപാത വഴിയും പാക്കിസ്ഥാനില്‍ വന്‍ നാശം വിതക്കാന്‍ കഴിയും. അത്യന്തം പ്രഹര ശേഷിയുള്ള മിസൈലുകള്‍ വരെ അനായാസം ഇവിടെ നിന്നും ഇന്ത്യക്ക് തൊടുത്ത് വിടാന്‍ കഴിയും. ആക്രമകാരികളായ ചെറുയുദ്ധവിമാനങ്ങളും ഈ പടകപ്പലുകളിലുണ്ട്.

കറാച്ചിയും ഇസ്ലാമാബാദും റാവല്‍ പിണ്ടിയുമെല്ലാം ഇന്ത്യന്‍ സൈന്യത്തിന്റെ വലയത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തിമ പോരാട്ടത്തിന് ഉന്നത ഉത്തരവിനായാണ് കപ്പല്‍പട കാത്തിരിക്കുന്നത്. ഇപ്പോള്‍ ചൈന പാക്കിസ്ഥാനെ സൈനികമായി സഹായിക്കുന്നില്ലങ്കിലും അതു കൂടി മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ സേനയുടെ സജ്ജീകരണം. ചൈന ഇടപെടുകയാണെങ്കില്‍ ഫ്രാന്‍സും, ഇസ്രയേലും, അമേരിക്കയും ഇന്ത്യക്കു വേണ്ടി രംഗത്തിറങ്ങുമെന്നാണ് സൂചന. ഇന്ത്യയുടെ അടുത്ത സുഹൃത്തായ റഷ്യയാണ് ചൈനയെ ഇപ്പോള്‍ വിലക്കി നിര്‍ത്തിയിരിക്കുന്നത്. റഷ്യന്‍ നിര്‍ദ്ദേശം ചൈന ധിക്കരിച്ചാല്‍ സ്വാഭാവികമായും റഷ്യക്ക് ഇന്ത്യക്കൊപ്പം നില്‍ക്കേണ്ടി വരും.

സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ ഇന്ത്യയുടെ ഉറച്ച പങ്കാളിയായ റഷ്യയുടെ നിലപാട് തന്നെയാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ പാക്കിസ്ഥാന്‍ ആക്രമണവും തിരിച്ച് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തുന്ന വെടിവയ്പും തുറന്ന യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ടാങ്കുകളും പീരങ്കികളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യ ശക്തമായാണ് തിരിച്ചടിക്കുന്നത്. കാശ്മീരില്‍ അതിക്രമിച്ച് കയറിയ യുദ്ധവിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടത് പാക്കിസ്ഥാന് വന്‍ തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യന്‍ ആക്രമണം ഭയന്ന് പാക്കിസ്ഥാന്‍ വിമാനതാവളങ്ങള്‍ എല്ലാം അടച്ചിട്ടിട്ടുണ്ട്. ഇന്ത്യയാകട്ടെ അതിര്‍ത്തിയിലെ വിമാനതാവളങ്ങള്‍ സൈനിക ആവശ്യത്തിനായി തുറന്ന് കൊടുത്തിരിക്കുകയുമാണ്. പ്രധാനമന്ത്രി മൂന്ന് സേനാ വിഭാഗം തലവന്‍മാരുമായും കൂടിക്കാഴ്ച്ച നടത്തി സൈന്യത്തിന് രാജ്യത്തിന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്.

പാക്ക് പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ അതിശക്തമായി തന്നെ തിരിച്ചടി തുടരാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. ഗ്രാമീണരെ മറയാക്കി പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തിയ ഷെല്ലാക്രമണത്തെ ശക്തമായാണ് ഇന്ത്യന്‍ സൈന്യം നേരിട്ടത്. അതിര്‍ത്തിയില്‍ ഇതിനകം തന്നെ നിരവധി പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ പോലും കൊണ്ടു പോകാന്‍ പാക്ക് സൈന്യം തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാര്‍ഗില്‍ യുദ്ധസമയത്തും കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം പാക്കിസ്ഥാന്‍ ഉപേക്ഷിച്ചിരുന്നു. ഇന്ത്യന്‍ സൈന്യമാണ് മതപരമായ ചടങ്ങുകളാടെ മൃതദേഹം അടക്കം ചെയ്തിരുന്നത്.

ഇതിനിടെ കാശ്മീരിലെ വിവിധ കേന്ദ്രങ്ങളില്‍ ഭീകരവിരുദ്ധ വേട്ടയും ഇന്ത്യന്‍ സൈന്യം തുടരുകയാണ്. പിടികൂടുക എന്നതിനേക്കാള്‍ കൊല്ലുക എന്ന നയമാണ് ഭീകരരോടും സൈന്യം സ്വീകരിച്ചിരിക്കുന്നത്. അബോട്ടാബാദില്‍ കടന്ന് ചെന്ന് അല്‍ ഖായിദാ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിക്കാന്‍ അമേരിക്കക്ക് കഴിയുമെങ്കില്‍ ഇന്ത്യക്കും അതിന് കഴിയുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ അവരുടെ താവളത്തില്‍ ചെന്ന് വക വരുത്തുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

മുന്‍ കൂട്ടി പ്രഖ്യാപിച്ച് പാക്കിസ്ഥാനില്‍ കയറി ജയ്ഷ മുഹമ്മദിന്റെ കേന്ദ്ര താവളവും 600 ഓളം ഭീകരരെയും കൊന്ന ഇന്ത്യയുടെ മുന്നറിയിപ്പിനെ ഗൗരവമായി തന്നെയാണ് ലോക രാഷ്ട്രങ്ങള്‍ കാണുന്നത്. പറഞ്ഞത് ചെയ്യാനുള്ള ശേഷിയുണ്ടെന്ന് ഇന്ത്യ തെളിയിച്ച് കഴിഞ്ഞതായാണ് ഫ്രാന്‍സിന്റെ വിലയിരുത്തല്‍. അതേസമയം നയതന്ത്ര തലത്തില്‍ സ്വന്തം പാളയത്തില്‍ തന്നെ പാക്കിസ്ഥാന് വന്‍ പ്രഹരം കൂടി ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയെ പങ്കെടുപ്പിക്കരുതെന്ന പാക്ക് ആവശ്യം യു.എ.ഇ ഭരണകൂടം തള്ളികളഞ്ഞു. തുടര്‍ന്ന് പാകിസ്ഥാന് സമ്മേളനത്തില്‍ പങ്കെടുക്കാതെ പിന്‍മാറേണ്ട അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വെള്ളി ശനി ദിവസങ്ങളില്‍ അബുദാബിയില്‍ ചേരുന്ന സമ്മേളനത്തില്‍ പങ്കെടുക്കില്ലന്ന് പാക്ക് വിദേശകാര്യ മന്ത്രിയാണ് അറിയിച്ചിരിക്കുന്നത്.

ബാലാകോട്ട് ഇന്ത്യ ബോംബിട്ടതിനാല്‍ ഇന്ത്യയെ ഈ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കണമെന്നതായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം.ഇത് മറ്റു ഇസ്ലാമിക രാഷ്ട്രങ്ങള്‍ തള്ളിയത് ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരം കൂടിയാണ്. ഇതാടെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാന്‍. അവസാനത്തെ ശ്രമം എന്ന നിലയിലാണ് ഇപ്പോള്‍ അവര്‍ പ്രകോപനം സൃഷ്ടിക്കുന്നത്. ആക്രമണം ഇനിയും തുടര്‍ന്നാല്‍ അത് പാക്കിസ്ഥാന്റെ അവസാനത്തിലായിരിക്കും കലാശിക്കുക അത് ഉറപ്പാണ്.

Top