ചെന്നൈ: ശങ്കര്‍ സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 ഷൂട്ടിങ്ങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേരാണ് മരിച്ചത്. പൂനമല്ലി നസ്‌റത്ത് പേട്ടയിലെ ഇവിപി ഫിലിം സ്റ്റുഡിയോവില്‍ ആണ് അപകടം നടന്നത്. സഹസംവിധായകരായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന് ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. സൈറ്റില്‍ ക്രെയിന്‍ മറിഞ്ഞ് വീണാണ് അപകടമുണ്ടായത്. ശങ്കറും സഹസംവിധായകരും ഇരുന്ന ടെന്റിന് മുകളിലേക്കാണ് ക്രെയിന്‍ വീണത്. സംവിധായകന്‍ ശങ്കറിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അപകട സമയത്ത് നടന്‍ കമല്‍ഹാസന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. പത്ത് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ക്രെയിന്‍ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ രണ്ട് പേര്‍ ശങ്കറിന്റെ സഹസംവിധായകരാണെന്നാണ് വിവരം.കമല്‍ഹാസന്‍-ശങ്കര്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ‘ഇന്ത്യന്‍ 2’ വിന്റെ ഷൂട്ടിംഗ് നേരത്തെ ബജറ്റ് സംബദ്ധിച്ച് നിലനിന്നിരുന്ന അഭിപ്രായ ഭിന്നതമൂലം ഇടയ്ക്ക് വച്ച് നിന്ന് പോയിരുന്നു. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സംവിധായകന്‍ ശങ്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.