കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ലഹരികടത്തു കേസില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ലഹരികടത്ത് ശൃംഖലയുടെ തലവനെ പ്രതി ചേര്‍ത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). പാക്ക് പൗരന്‍ ഹാജി സലിമിനെയാണ് എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
കറാച്ചി തുറമുഖം കേന്ദ്രീകരിച്ച് വിദേശരാജ്യങ്ങളിലേയ്ക്കു ലഹരി കടത്തുന്ന ശൃംഖലയ്ക്കു ചുക്കാന്‍ പിടിക്കുന്നത് ഹാജി സലീമാണ്. ഇയാള്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഐഎ.
വിഴിഞ്ഞത്ത് കടലില്‍ വന്‍ ലഹരിമരുന്നു പിടികൂടിയ സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണങ്ങളില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് (എന്‍സിബി) ഈ പാക്ക് ശൃംഖലയുടെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത്. എല്‍ടിടിഇയുമായി ചേര്‍ന്നു ദുബായ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയാണ് സംഘം ലഹരികടത്തു നടത്തുന്നത് എന്നാണ് കണ്ടെത്തല്‍. ഇയാള്‍ പതിവായി ദുബായില്‍ എത്തുന്നതും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ വര്‍ഷം മാത്രം സംഘം ഇന്ത്യന്‍ മഹാസമുദ്രം വഴി കോടികളുടെ ലഹരി കടത്തിയിട്ടുണ്ടെന്നു കണ്ടെത്തി. എല്‍ടിടിഇയിലെ മുന്‍ നേതാക്കളില്‍ ചിലരാണ് ഇതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്. നിലവില്‍ നിശബ്ദ സെല്ലുകളായി പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയും ശ്രീലങ്കയില്‍ ജയിലില്‍ കഴിയുന്ന പാക്ക് പൗരന്‍മാരും കുറ്റകൃത്യത്തില്‍ പങ്കുവഹിക്കുന്നതായി തിരിച്ചറിഞ്ഞു.
എല്‍ടിടിഇ സംഘടനാ പ്രവര്‍ത്തനം തിരികെ കൊണ്ടുവരുന്നതിനു പണവും ആയുധവും ശേഖരിക്കുക ലക്ഷ്യമിട്ടാണ് ഇവര്‍ ഇതില്‍ പങ്കാളികളാകുന്നത്. വിഴിഞ്ഞത്ത് കഴിഞ്ഞ ഏപ്രില്‍ മാസം 300 കിലോ ഹെറോയ്‌നും എകെ47 തോക്കുകളും പിടികൂടിയിരുന്നത് ഇതേ ലക്ഷ്യത്തോടെയാണെന്നു നേരത്തേതന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു എന്നു കരുതുന്ന ഏതാനും പേരെ നെടുമ്പാശേരി പരിസരത്തുനിന്ന് പിടികൂടുകയും ചെയ്തു.
അഫ്ഗാന്‍, പാക്ക് ബന്ധം വ്യക്തമായതോടെയാണ് ഹാജി സലീമിലേയ്ക്ക് അന്വേഷണം എത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ശ്രീലങ്ക, മാലദ്വീപ്, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതാണ് ഈ ലഹരി മാഫിയ. ലഹരി കടത്തിന് ഈ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കടല്‍പാത തന്നെ സംഘം സൃഷ്ടിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു.