എകെ വേർസസ് എകെ; ചില രം​ഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വ്യോമസേന

നുരാ​ഗ് കശ്യപ്, അനിൽ കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന എകെ വേർസസ് എകെ എന്ന സിനിമയിലെ ചില രം​ഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വ്യോമസേന. ചിത്രത്തിൽ അനിൽ കപൂർ ധരിച്ചിരിക്കുന്ന വ്യോമസേനയുടെ യൂണിഫോം തെറ്റായാണ് ഉപയോ​ഗിച്ചിരിക്കുന്നതെന്നും ഭാഷ അനുചിതമാണെന്നും ഇത് ഇന്ത്യൻ സായുധ സേനയിലുള്ളവരുടെ പെരുമാറ്റ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ വ്യോമസേന രം​ഗങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. ട്വീറ്റിലൂടെയാണ് വ്യോമസേന ഈ കാര്യം അറിയിച്ചത്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ബോളിവുഡിൽ ഇതിനു മുമ്പ് ആരും ചിന്തിക്കാത്തൊരു പ്രമേയവുമായാണ് എകെ വേർസസ് എകെ(അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന ചിത്രം എത്തുന്നത്.

ഒരു പത്രസമ്മേളനത്തിനിടെ അനിൽ കപൂറും അനുരാ​ഗും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും അനിലിന്റെ മുഖത്തേയ്ക്ക് അനുരാഗ് ദേഷ്യത്തോടെ വെള്ളമൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളോടെയാണ് ചിത്രത്തിന്റെ ട്രെയിലർ ആരംഭിക്കുന്നത്. ബോളിവുഡ് താരം സോനം കപൂറിനെ കാണാനില്ല. സൂര്യനുദിക്കുന്നതിന് മുമ്പ് മകളെ കണ്ടെത്താനാണ് അച്ഛനും നടനുമായ അനിൽ കപൂറിന് ലഭിച്ച സന്ദേശം. എന്നാൽ മൂന്ന് നിബന്ധനകളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഒന്ന് പോലീസിനെ വിളിക്കാനാവില്ല. രണ്ട്, പുറത്ത് നിന്നുള്ള ആരെയും അന്വേഷണത്തിന് കൂട്ടാനാവില്ല. മൂന്ന്, ഒരു ക്യാമറ ഇതെല്ലാം ചിത്രീകരിച്ചു കൊണ്ടേയിരിക്കും. വിചിത്രമെന്ന് തോന്നുന്ന ഇക്കാര്യങ്ങളെല്ലാം യഥാർഥത്തിൽ സംഭവിക്കുന്നതോ അതോ മുൻകൂട്ടി തയ്യാറാക്കിയ നാടകമോ? ഇതിന് പിന്നിൽ സംവിധായകൻ അനുരാ​ഗ് കശ്യപോ?ഈ ചോദ്യങ്ങളാണ് സിനിമയുടെ ട്രെയ്‌ലർ ഉയർത്തുന്നത്. വിക്രമാദിത്യ മോട്‌വാൻ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24നാണു റിലീസ് ചെയ്യുന്നത്.

Top