ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാ വിമാനത്തിലെ പൈലറ്റ് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ദിശ മാറ്റാന്‍ അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ട്. പ്രതികൂല കാലാവസ്ഥക്കിടെ ദിശ മാറ്റാന്‍ ശ്രമിച്ചപ്പോഴുണ്ടായ സാങ്കേതിക തകരാര്‍ മൂലം വിമാനം കടലില്‍ പതിച്ചതാവാമെന്നാണ് നിഗമനം.
മൂന്നു ദിവസം നടത്തിയ തിരച്ചിലില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്നും നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബെ മാധ്യമങ്ങളോട് പറഞ്ഞു. പിഴവ് വരാത്തവിധത്തിലാണ് സേനകളുടെ സംയുക്ത തിരച്ചിലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യോമ, നാവിക, തീരസംരക്ഷണ സേനകളുടെ സംയുക്ത തിരച്ചില്‍ നാലാം ദിവസത്തിലേക്ക് കടന്നുവെങ്കിലും വിമാനത്തെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് ‘ഓപ്പറേഷന്‍ തലാഷ്’ എന്ന് പേരിട്ട് തിരച്ചില്‍ ഊര്‍ജിതമാക്കി. ആറ് നാവികസേനാ കപ്പലും ഒരു മുങ്ങിക്കപ്പലും തീരസംരക്ഷണ സേനയുടെ നാല് കപ്പലും വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങളും തിരച്ചിലില്‍ സജീവമാണ്.
ചെന്നൈ തീരത്തു നിന്ന് കിഴക്ക് 280 കിലോമീറ്റര്‍ (151 നോട്ടിക്കല്‍ മൈല്‍) അകലെ 555 കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രധാനമായും തിരിച്ചില്‍ പുരോഗമിക്കുന്നത്. പോര്‍ട്ട്ബ്ലയര്‍ തീരം അടക്കമുള്ള മറ്റ് മേഖലകളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ ഐ.എസ്.ആര്‍.ഒയുടെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്) സംവിധാനവും തിരച്ചിലിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ 8.30ന് താംബരത്തെ വ്യോമസേനാ താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍വെച്ചാണ് കാണാതായത്. രണ്ട് മലയാളികള്‍ അടക്കം 29 സൈനിക ഉദ്യോഗസ്ഥരാണ് വിമാനത്തിലുള്ളത്.