കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് പലചരക്കു സാധനങ്ങള്‍ നല്‍കി ഇന്ത്യന്‍ യുഎസ്‌ സമൂഹം

വാഷിങ്ടന്‍: യുഎസില്‍ കോവിഡ് ഗുരുതരമായി ബാധിച്ച ആളുകള്‍ക്കു സാധനങ്ങളും ഭക്ഷണവും നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം. വാഷിങ്ടന്‍ ഡിസി മെട്രോ പ്രദേശത്തെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹമാണു മേയ് മുതല്‍ 15,000 കുടുംബങ്ങളെ സഹായിച്ചു മാതൃകയായത്. ആറു മാസത്തിലേറെയായി 250ഓളം കാറുകളിലായാണ് ഇവര്‍ സാധനങ്ങള്‍ ശേഖരിച്ചു വിതരണം ചെയ്യുന്നത്.

‘പ്രദേശത്തെ കുറഞ്ഞത് 15,000 കുടുംബങ്ങള്‍ക്ക് ഇതുവരെ ഞങ്ങള്‍ പലചരക്ക് സാധനങ്ങളും ഭക്ഷണവും വിതരണം ചെയ്തു. നാലംഗ കുടുംബത്തിനു മൂന്നുനാലു ദിവസം വരെ കഴിയാനുള്ള സാധനങ്ങള്‍ ഇതിലുണ്ട്. ഞങ്ങളുടെ കമ്യൂണിറ്റി മറ്റുള്ളവര്‍ക്കു സേവനം നല്‍കുന്നവരാണ്. കഠിനമായ ഈ സമയത്തും സഹായവുമായി ഞങ്ങളുണ്ട്.’- ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റിയിലെ പ്രമുഖ അംഗം ഡോ. സുരേഷ് ഗുപ്ത പറഞ്ഞു.

സഹായിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ മനസ്സറിഞ്ഞു മുന്നോട്ടുവരുന്നു. കമ്യൂണിറ്റിയിലെ നിരവധി അംഗങ്ങള്‍, പ്രാദേശിക ഭരണകൂടം, പള്ളികള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണു ഭക്ഷണം നല്‍കുന്ന പദ്ധതി വിജയകരമായി നടക്കുന്നത്. എല്ലാവരും സഹായിക്കാന്‍ തയാറാണ്. പലപ്പോഴും സന്നദ്ധസേവകരെ തടയേണ്ട അവസ്ഥയുണ്ടെന്നും കമ്യൂണിറ്റിയില്‍ സജീവമായ രാജീവ് ജെയിന്‍ പറഞ്ഞു.

Top