ന്യൂഡല്‍ഹി:പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. നടക്കാത്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പാക്കിസ്ഥാന്‍ മുന്നോട്ടുപോകരുതെന്നും അത്തരം ശ്രമങ്ങളുണ്ടായാല്‍ കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സേന ഒരിക്കലും പുറകോട്ട് പോകില്ലെന്നും ഏത് പ്രതികൂല സാഹചര്യത്തിലും പതാറാതെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഗില്‍ വിജയ ദിവസത്തിന് ഇന്നേയ്ക്ക് 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ വീരസൈനികര്‍ക്ക് ആദരം അര്‍പ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുമയായി ബിപിന്‍ റാവത്ത് കൂടിക്കാഴ്ചയും നടത്തി. സൈനിക മേധാവികളുടെ നേതൃത്വത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ ചടങ്ങുകള്‍ അവസാനിച്ചു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ശ്രീനഗറില്‍ നിന്നും ദ്രാസിലേക്ക് ഹെലികോപ്റ്റര്‍ വഴി എത്താന്‍ സാധിക്കാത്തതിനാല്‍ ദ്രാസില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പകരം രാഷ്ട്രപതി ശ്രീനഗറില്‍ സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചശേഷം തിരികെ പോകുമെന്നായിരുന്നു റിപ്പോര്‍ട്ട്.
ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ദ്രാസിലേക്ക് എത്തിയിരുന്നില്ല. അതേസമയം ദ്രാസില്‍ എത്തിയ സൈനിക മേധാവികള്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ചു.