ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ കൊല്ലപ്പെട്ടു. 41 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് മഹാദിക് (37) ആണ് കൊല്ലപ്പെട്ടത്.വെടിവെപ്പില്‍ ഒരു പോലീസുകാരനും ഗുരുതര പരിക്കേറ്റു.
കുപ്‌വാര ജില്ലയിലെ ഹാജി നാക്ക വനത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മഹാദിക് നയിച്ച സംയുക്ത സൈനിക സംഘത്തിനുനേരെ ഭീകരരുടെ ആക്രമണം. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന സൂചനയെത്തുടര്‍ന്ന് പോലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ആക്രമണം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്. അന്നുതന്നെ ഒരു പോലീസുകാരന് ഏറ്റുമുട്ടലില്‍ പരിക്കേറ്റിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. നാല് ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന വിവരം.
മഹാരാഷ്ട്ര സ്വദേശിയാണ് മഹാദിക്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കശ്മീരില്‍ സമീപകാലത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ് മഹാദിക്. ജനവരിയില്‍ തെക്കന്‍കശ്മീരിലെ ത്രാല്‍ മേഖലയില്‍ കേണല്‍ എം.എം റായിയും ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.