ഇംഫാല്‍(മണിപ്പൂര്‍): മണിപ്പൂരിലെ കെക്രു നാഗവില്ലേജില്‍ എന്‍.എസ്.സി.എന്‍ അക്രമികളുടെ ഒളിത്താവളം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. സംഘത്തിലെ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമായിരുന്നു സൈന്യം ഇവരുടെ താവളം തകര്‍ത്തത്.
അക്രമി സംഘങ്ങളുടെ വര്‍ധനവിനെ തുടര്‍ന്നാണ് മണിപ്പൂരിലെ കെക്രുഗ്രാമത്തില്‍ സൈന്യം തിരച്ചില്‍ നടത്തിയത്.തിരച്ചിലില്‍ നിരവധി ആയുധങ്ങളും യുദ്ധസാമഗ്രികളും കണ്ടെത്തിയതായി ഇന്ത്യന്‍ സൈന്യത്തിന്റെ ഈസ്റ്റേണ്‍ കമാന്‍ഡന്റ് അദ്ദേഹത്തിന്റെ ട്വിറ്ററില്‍ കുറിച്ചു.
യുദ്ധോപരണങ്ങള്‍, യൂണിഫോമുകള്‍, മറ്റ് സാമഗ്രികളെന്നിവ ഇവരുടെ താവളത്തില്‍ നിന്ന് കണ്ടെത്തി.എന്‍.എസ്.സി.എന്‍. അക്രമകാരികള്‍ കെക്രുവില്‍ നിലയുറപ്പിച്ചിരിക്കുന്നതായും നുങ്ബയിലും മറ്റ് പ്രദേശങ്ങളിലും കവര്‍ച്ചയടക്കം നടത്തുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം മണിപ്പൂരിലെ കെക്രു നാഗവില്ലേജില്‍ തെരച്ചില്‍ നടത്തിയത്.
സുരക്ഷാസൈന്യം, പൊലീസ്, ഇന്റലിജന്‍സ് ഏജന്‍സികള്‍, പ്രാദേശിക വിഭാഗങ്ങള്‍ എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് എന്‍.എസ്.സി.എന്‍ അക്രമികളുടെ ഒളിത്താവളം ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.