ന്യൂഡൽഹി : ജമ്മു കശ്മീരിൽ ആക്രമണം തുടരുന്ന പാക്ക് ഭീകരരെ തുരത്താൻ ‘ഓപ്പറേഷൻ സര്‍വശക്തി’ എന്ന പേരിൽ സൈനിക നീക്കം ആരംഭിച്ച് ഇന്ത്യൻ കരസേന. കശ്മീരിലെ പിര്‍ പാഞ്ചല്‍ പര്‍വതനിരകളുടെ ഇരുഭാഗത്തുമുള്ള ഭീകരരെ അമർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ദൗത്യത്തിന് തുടക്കമായത്. രജൗറി, പൂഞ്ച് മേഖലകളിൽ സമീപ കാലത്തായി തീവ്രവാദികളുടെ ആക്രമണം വർധിച്ച സാഹചര്യത്തിലാണ് കരസേന നിർണായക നീക്കത്തിനു തയാറായത്.
ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിനാര്‍ കോർപ്സ്, നഗ്രോത്ത ആസ്ഥാനമായ വൈറ്റ് നൈറ്റ് കോര്‍പ്‌സ് എന്നിവ ഒരേസമയം സൈനിക നീക്കം നടത്തുമെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീര്‍ പോലീസ്, സിആര്‍പിഎഫ്, പ്രത്യേക ദൗത്യസംഘം, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയും ദൗത്യത്തിന്റെ ഭാഗമാകും. ഇതേ മേഖലയിൽനിന്ന് തീവ്രവാദികളെ ഒഴിപ്പിക്കാനായി 2003ല്‍ നടത്തിയ ഓപ്പറേഷന്‍ സര്‍പ്പവിനാശിന് സമാനമായ ദൗത്യമാണ് ഓപ്പറേഷൻ സർവശക്തിയും.
മേഖലയിലെ ഭീകര പ്രവർത്തനങ്ങൾ 2003ലെ ദൗത്യത്തിനു ശേഷം ഏതാണ്ട് അവസാനിച്ചതായി കരസേനാ മേധാവി മനോജ് പാണ്ഡെ അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ നിലവിൽ ഇതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നടന്ന ഏറ്റുമുട്ടലുകളിൽ ഇരുപതോളം സൈനികര്‍ വീരമൃത്യു വരിച്ചു. ഡിസംബറിൽ സൈനിക വാഹനം സ്ഫോടനത്തിൽ തകർത്ത സംഭവത്തിൽ മാത്രം നാലു സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈന്യം പുതിയ ദൗത്യത്തിന് തുടക്കമിട്ടത്.