പുതിയ യൂണിഫോമിന് പേറ്റന്റ് രജിസ്റ്റർ ചെയ്ത് ഇന്ത്യൻ സൈന്യം

ദില്ലി: ഇന്ത്യൻ സൈന്യം പുതിയ യൂണിഫോം അവതരിപ്പിച്ചച്ചിരുന്നു. ഇപ്പോൾ ഉടമസ്ഥാവകാശത്തിനായി യൂണിഫോം പേറ്റന്റ് രജിസ്റ്റർ ചെയ്തു. കൊൽക്കത്ത ആസ്ഥാനമായുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സിലാണ് സൈനിക യൂണിഫോം രജിസ്റ്റർ ചെയ്തത്. ഡിസൈനിന്റെയും ട്രേഡ് മാർക്കിന്റെയും ഉടമസ്ഥാവകാശത്തിനാണ് രജിസ്റ്റർ ചെയ്തത്. ഒക്‌ടോബർ 21 ന് പേറ്റന്റ് ഓഫീസിന്റെ ഔദ്യോഗിക ജേണലിൽ രജിസ്‌ട്രേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം ജനുവരി 15 ന് നടന്ന കരസേനാദിന പരേഡിലാണ് സൈന്യം പുതിയ കോംബാറ്റ് യൂണിഫോം അവതരിപ്പിച്ചത്. പുതിയ യൂണിഫോം കാലത്തിനനുസരിച്ചാണ് രൂപകൽപന ചെയ്തതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭാരം കുറഞ്ഞതും ശക്തവും ശ്വസിക്കാൻ സു​ഗമമായതും വേഗത്തിൽ ഉണങ്ങുന്നതും പരിപാലിക്കാൻ എളുപ്പമായതാണ് പുതിയ യൂണിഫോം. വനിതാ ഉദ്യോ​ഗസ്ഥർക്ക് അവർക്കനുയോജ്യമായ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഓഫീസർ പറഞ്ഞു.

ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോം മറ്റാരെങ്കിലും നിർമിക്കുന്നത് തടയാനാണ് പേറ്റന്റ് രജിസ്റ്റർ ചെയ്തത്. സൈന്യത്തിന്റെ യൂണിഫോമിന്റെ മാതൃക നിർമിക്കുന്നത് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ് (IPR) നിയമപ്രകാരം കുറ്റകരമായിരിക്കും. പുതിയ പാറ്റേൺ യൂണിഫോം നിർമിക്കുന്നതിന്റെ ഭാഗമായി 50,000 സെറ്റുകൾ ക്യാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെന്റ് വഴി വാങ്ങിയിട്ടുണ്ട്. ദില്ലി, ലേ, ബിഡിബാരി, ശ്രീനഗർ, ഉധംപൂർ, ആൻഡമാൻ നിക്കോബാർ, ജബൽപൂർ എന്നിവയുൾപ്പെടെ 15 സിഎസ്ഡി ഡിപ്പോകളിലേക്ക് സാമ​ഗ്രികൾ എത്തിച്ചു. ദില്ലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിലെ (എൻഐഎഫ്ടി) ഇൻസ്ട്രക്ടർമാരുമായി ഏകോപിപ്പിച്ച് നിർദ്ദിഷ്ട ഡിസൈൻ അനുസരിച്ച് പുതിയ യൂണിഫോം തയ്ക്കാൻ സിവിൽ, മിലിട്ടറി ടൈലർമാരെ പരിശീലിപ്പിക്കുന്നതിനുള്ള വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഓഫീസർ പറഞ്ഞു.

Top