തിരിച്ചടിയില്‍ വിരണ്ടു; പാക്ക് സൈന്യം മൃതദേഹങ്ങള്‍ കൊണ്ടു പോയത് വെള്ളക്കൊടി വീശിയ ശേഷം

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയെ തുടര്‍ന്ന് കൊല്ലപ്പെട്ട പാക്ക് സൈനികരുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാന്‍ കൊണ്ടു പോയത് വെള്ളക്കൊടി വീശിക്കാണിച്ച ശേഷം. പാക്ക് അധീന കശ്മീരിലെ ഹാജിപുര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വീണ്ടെടുക്കാന്‍ വെടിവെപ്പ് നടത്തിയെങ്കിലും ആളപായം കൂടിയതോടെ പാക്കിസ്ഥാന്‍ അടിയറവ് പറയുകയായിരുന്നു.

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചു കൊണ്ട് പാക്ക് സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായ വെടിവെപ്പ് നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി ഒരു പാക്ക് സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിയുതിര്‍ത്തെങ്കിലും ഇന്ത്യ ശക്തമായി തന്നെ പ്രതിരോധിച്ചു.

ഈ തിരിച്ചടിയിലും ഒരു പാക്ക് സൈനികന്‍ കൊല്ലപ്പെട്ടു. ഇതോടെ പാക്ക് സൈനികര്‍ വെടിവെപ്പ് അവസാനിപ്പിച്ച് വെള്ളക്കൊടി വീശിക്കാണിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടി അവസാനിപ്പിച്ചു. തുടര്‍ന്നാണ് പാക്ക് സൈനികര്‍ മൃതദേഹങ്ങള്‍ കൊണ്ടുപോയത്.

വെടിവെപ്പിലൂടെ ഇന്ത്യന്‍ സൈന്യത്തെ ഭയപ്പെടുത്തി കൊണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോവുക എന്നതായിരുന്നു പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ശ്രമം. എന്നാല്‍ ഓരോ ശ്രമങ്ങളും പരാജയപ്പെട്ട ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ പാക്ക് സൈനികര്‍ വെള്ളക്കൊടി വീശുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തു വിട്ടിട്ടുണ്ട്.

Top