പാക്കിസ്ഥാന് ഇനി ഉറക്കമില്ലാത്ത രാത്രി ! ആണവ രാജ്യമാണോ എന്നതും സംശയം

ന്ത്യയാണിപ്പോള്‍ എല്ലാ പ്രമുഖ ലോക രാഷ്ട്രങ്ങളുടെയും മാധ്യമങ്ങളുടെയും ചര്‍ച്ചാവിഭവം. സമാധാനത്തിന്റെ വെള്ളരിപ്രാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യത്തിന് വരുന്ന മാറ്റം അന്താരാഷ്ട്ര സമൂഹം അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്.

എന്ത് ഭാവിച്ചാണ് ഇന്ത്യ നീങ്ങുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അവര്‍ക്ക് ലഭിച്ചിട്ടില്ലെങ്കിലും ഒരു കാര്യം വ്യക്തമായിട്ടുണ്ട്. അത് ഇന്നലെ വരെയുള്ള നിലപാടല്ല, ഇനി മുതല്‍ ഇന്ത്യക്കുണ്ടാവുക എന്നതാണ്. പാക്കിസ്ഥാനിലെ ബാലക്കോട്ട് ഇന്ത്യ ബോംബുകള്‍ വര്‍ഷിച്ചത് പുല്‍വാമയിലെ വികാരമായി കണ്ടവര്‍ ഇപ്പോഴത്തെ നീക്കങ്ങളില്‍ ഞെട്ടിയിരിക്കുകയാണ്.

ജമ്മു കശ്മീരിന്റെ വിഭജനവും പ്രത്യേക അധികാരം എടുത്ത് കളഞ്ഞതിനും പിന്നാലെ സൈനികമായ ഒരു മുന്നേറ്റം കൂടിയാണിപ്പോള്‍ ഇന്ത്യ നടത്തിയിരിക്കുന്നത്. മൂന്ന് സേനകള്‍ക്കും കൂടി പുതിയ ഒരു തലവന്‍ വരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണീ കരുനീക്കം.

പാക്ക്- അതിര്‍ത്തിയില്‍ യുദ്ധസജ്ജമായ കരസേന യൂണിറ്റായ ബാറ്റില്‍ ഗ്രൂപ്പിനെ സ്ഥാപിക്കാനുള്ള നീക്കമാണ് ഇതില്‍ പ്രധാനം. ഇതുവരെ അതിര്‍ത്തി കാത്തിരുന്നത് ബി.എസ്.എഫ് ആയിരുന്നു. കശ്മീരിലെ പ്രത്യേക പദവി എടുത്ത് കളയുന്നതോടനുബന്ധിച്ച് സൈന്യത്തെയാണിപ്പോള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. സൈനികരും അര്‍ദ്ധ സൈനികരുമുള്‍പ്പെടെ ലക്ഷക്കണക്കിന് സൈനികരാണ് ജമ്മു കാശ്മീരിലും ലഡാക്കിലുമായുള്ളത്. ഇതിന് പുറമെയാണ് ആറ്റാക്ക് വിഭാഗമായ ബാറ്റില്‍ ഗ്രൂപ്പിനെയും നിയോഗിക്കാന്‍ പോകുന്നത്.

അത്യന്തം അപകടകാരികളായ സൈനികര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണിത്. പാക്കിസ്ഥാന്റെ ഏത് പ്രകോപനത്തെയും പാക്കിസ്ഥാനില്‍ കയറി പ്രഹരിക്കാന്‍ സെക്കന്റുകള്‍ മാത്രം മതിയാകും ഈ ഗ്രൂപ്പിന്. മൂന്ന് സേനാവിഭാഗങ്ങളുടെയും പങ്കാളിത്വം ഈ ടീമിന് ഉള്ളതിനാല്‍ ശത്രുപക്ഷത്ത് കനത്ത നാശം വിതയ്ക്കാന്‍ കഴിയും.

യുദ്ധസജ്ജമായ ഈ കരസേനാ യൂണിറ്റ് സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കാലാള്‍പ്പടയ്ക്ക് പുറമെ, ആര്‍ട്ടിലറി, സിഗ്നല്‍, കരസേനയുടെ വ്യോമവിഭാഗം, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ സേനാംഗങ്ങളും ഉള്‍പ്പെടുന്നതാണ് ബാറ്റില്‍ യൂണിറ്റ്. ഒക്ടോബര്‍ അവസാനത്തോടെ പാക്കിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് ആദ്യ ബാറ്റില്‍ സംഘത്തെ നിയോഗിക്കുക.

യുദ്ധമില്ലാത്ത സാഹചര്യങ്ങളില്‍ പോലും ശത്രുവിനെതിരെ കൃത്യവും മാരകവുമായ മിന്നലാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു യൂണിറ്റ് സ്ഥാപിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ നടന്ന സൈനിക പരിശീലനത്തില്‍ ഈ യൂണിറ്റിന്റെ മാതൃക സേന വിജയകരമായി പരീക്ഷിച്ചിരുന്നു. പാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ചതിന് പിന്നാലെ സമാനമായ മറ്റൊരു യൂണിറ്റിനെ ചൈനീസ് അതിര്‍ത്തിയിലേക്കും നിയോഗിക്കാന്‍ സേനയ്ക്ക് ആലോചനയുണ്ട്. രണ്ട് വിഭാഗമായി തിരിഞ്ഞായിരിക്കും ബാറ്റില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നടക്കുക.

അതിര്‍ത്തി കടന്നുള്ള ആക്രമണമടക്കം സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് ആദ്യത്തെ വിഭാഗം, ശത്രുവില്‍ നിന്നുള്ള ആക്രമണം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് രണ്ടാമത്തെ വിഭാഗം. ഇത്തരത്തിലുള്ള മൂന്ന് സംഘങ്ങളെയാണ് പാക്ക് അതിര്‍ത്തിയില്‍ വിന്യസിക്കുന്നത്. ഓരോ സംഘത്തിലും 5,000 സേനാംഗംങ്ങളില്‍ കുറയാതെയുണ്ടാവും. സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുക.

ഈ ഇന്റര്‍ഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പ് ഇന്ത്യന്‍ പ്രതിരോധ രംഗത്തെ ഗെയിം ചേഞ്ചര്‍ ആകുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. പരമ്പരാഗതമായി ഇന്ത്യന്‍ സൈന്യം യുദ്ധരംഗത്ത് സ്വീകരിച്ചുവരുന്ന തന്ത്രങ്ങളില്‍ നിന്നും വിഭിന്നമാണ് ഇന്റര്‍ഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തന രീതികള്‍. മറ്റ് യൂണിറ്റുകളില്‍ നിന്നും വിഭിന്നമായി അടിയന്തര ഘട്ടങ്ങളില്‍ പെട്ടെന്ന് തന്നെ തീരുമാനമെടുക്കാന്‍ കഴിയുമെന്നതാണ് ഇന്റര്‍ഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നിലപാടില്‍ മാറ്റം വരുത്തുമെന്ന പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പും ഇപ്പോഴത്തെ നീക്കങ്ങളെയും ആശങ്കയോടെയാണ് പാക്കിസ്ഥാന്‍ കാണുന്നത്. ഇമ്രാന്‍ഖാന്റെ പ്രസ്താവനയില്‍ തന്നെ അത് വ്യക്തവുമാണ്. ഇനി ഒരു ചര്‍ച്ചയുണ്ടെങ്കില്‍ അത് പാക്ക് അധീനകശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്നതാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യന്‍സേന പാക്ക് അധീനകശ്മീര്‍ പിടിച്ചെടുക്കുമെന്ന ഭയം ഇതാടെ പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്നുണ്ട്.

യു.എന്‍ രക്ഷാസമിതിയില്‍ പോലും ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവില്‍ പാക്കിസ്ഥാന് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ കടുത്ത നിലപാടിലേക്ക് മാറിയാല്‍ പാക്കിസ്ഥാനെ സംബന്ധിച്ച് അത് വലിയ പ്രഹരമായിരിക്കും. പാക്ക് അധീനകാശ്മീര്‍ ഇല്ലാത്ത പാക്കിസ്ഥാന്‍ ആ രാജ്യത്തെ സംബന്ധിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്തതാണ്. ഇന്ത്യയാകട്ടെ പാക്ക് അധീനകശ്മീര്‍ ഇന്നും ഇന്ത്യയുടെ ഭാഗമായി തന്നെയാണ് കാണുന്നത്. ഈ പ്രദേശം പിടിച്ചെടുക്കാതെ പൂര്‍ണത കൈവരില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഭീകര താവളങ്ങളില്‍ സമ്പന്നമായ പാക്ക് അധീനകശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കുന്നതിലൂടെ വലിയ ഒരു തലവേദനയാണ് ഒഴിവാകുക. ഇക്കാര്യം സൈനിക നേതൃത്വം തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനായുള്ള ഒരു സന്ദര്‍ഭത്തിനായാണ് സൈന്യവും കാത്തിരിക്കുന്നത്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും എന്ത് പ്രകോപനം ഉണ്ടായാലും ശക്തമായി തിരിച്ചടിക്കുന്നതും ഈ ‘ലക്ഷ്യസ്ഥാനം’ മുന്‍നിര്‍ത്തി തന്നെയാണ്.

അതേസമയം പാക്കിസ്ഥാന്റെ ആണവശക്തിയെ കുറിച്ചും ഇപ്പോള്‍ ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പാക്ക് ആണവ പരീക്ഷണം വലിയ തട്ടിപ്പായിരുന്നുവെന്നും ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായിരുന്നു ഇതെന്നുമാണ് ആക്ഷേപം.

ഇന്ത്യ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയതോടെ വിറച്ച പാക്കിസ്ഥാന്‍ അമേരിക്കയുടെയും ചൈനയുടെയും സഹായത്തോടെ നടത്തിയ നാടകമായാണ് ഒരു വിഭാഗം വിദഗ്ദ്ധര്‍ ഇതിനെ വിലയിരുത്തുന്നത്. ആണവായുധത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ പാക്കിസ്ഥാനെ സംബന്ധിച്ച് ലഭിക്കുക എളുപ്പമല്ല.

ചൈനയും അമേരിക്കയും ഒരിക്കലും ആണവ സാങ്കേതിക വിദ്യ പാക്കിസ്ഥാന് നല്‍കില്ലെന്നും തട്ടിക്കൂട്ട് സംവിധാനമാണ് അവിടെ ഉള്ളതെന്നുമാണ് ആക്ഷേപം. പട്ടാളം ഭരണം നിയന്ത്രിക്കുകയും ഭീകരര്‍ക്ക് നിര്‍ണ്ണായക സ്വാധീനവുമുള്ള ഒരു രാജ്യത്ത് ആണവായുധമുണ്ടെങ്കില്‍ എപ്പോഴേ അമേരിക്ക തന്നെ അതിന്റെ ചിറകരിയുമായിരുന്നു എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

എന്നാല്‍ പാക്കിസ്ഥാന് ആണവായുധമുണ്ട് എന്ന പ്രതീതി നിലനില്‍ക്കണമെന്ന് അമേരിക്കയും ചൈനയും ആഗ്രഹിക്കുന്നു. മേഖലയിലെ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് ഇത് അനിവാര്യവുമാണ്.

ഇന്ത്യ ആണവശക്തിയായ കാലഘട്ടത്തില്‍ പാക്കിസ്ഥാന്റെ അടുത്ത പങ്കാളിയായിരുന്നു അമേരിക്ക. അടുത്ത കാലത്താണ് അമേരിക്ക- പാക്കിസ്ഥാന്‍ ബന്ധം വഷളായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പോലും പൂര്‍ണ്ണമായും അമേരിക്ക പാക്കിസ്ഥാനെ കൈവിട്ടിട്ടില്ല. യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള തീരുമാനത്തിലൂടെ ഇക്കാര്യം വ്യക്തവുമാണ്. ചൈനയെ സംബന്ധിച്ചും പാക്കിസ്ഥാന്‍ ആണവ രാജ്യമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നതിലാണ് താല്‍പ്പര്യം. ഇന്ത്യയെ പോലും ആണവ രാഷ്ട്രമായി അംഗീകരിക്കാത്ത രാജ്യമാണ് ഈ പുകമറ സൃഷ്ടിക്കുന്നത്.

എന്നാല്‍ പാക്കിസ്ഥാന്റെ ആണവ ശക്തിയുടെ പൊള്ളത്തരം എന്താണെന്ന് ശരിക്കും ഇന്ത്യന്‍സേന മനസ്സിലാക്കിയിട്ടുണ്ടെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. ഇതിനനുസരിച്ചുള്ള പ്രതിരോധമാണ് ഇന്ത്യ നിലവില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ ചൈന പാക്കിസ്ഥാന് ആണാവായുധങ്ങള്‍ കൈമാറാനുള്ള സാധ്യത ഇന്ത്യന്‍സേന മുന്നില്‍ കാണുന്നുണ്ട്. റഷ്യയെ ഒപ്പം നിര്‍ത്തി ശക്തമായ പ്രതിരോധം ഇന്ത്യ തീര്‍ക്കുന്നത് തന്നെ ഈ സാധ്യത മുന്നില്‍ കണ്ടാണ്.

ഇസ്രയേല്‍ ടെക്‌നോളജിയാണ് ഇന്ത്യന്‍ പ്രതിരോധത്തിന്റെ കുന്തമുന. ഇത് അത്ര പെട്ടെന്ന് തകര്‍ക്കാന്‍ പാക്കിസ്ഥാന് എന്നല്ല അമേരിക്കയ്ക്ക് പോലും സാധിക്കുകയില്ല. മാത്രമല്ല അമേരിക്കയുടെ പുതു തലമുറ യുദ്ധവിമാനങ്ങളെയും മിസൈലുകളെയും ചാരമാക്കാനുള്ള എസ് 400 ട്രയംഫ് ഉടന്‍ ഇന്ത്യയിലെത്തുകയും ചെയ്യും. റഷ്യന്‍ നിര്‍മ്മിതമായ ഈ മിസൈല്‍ പ്രതിരോധ സംവിധാനം 42,000 കോടിക്കാണ് ഇന്ത്യ സ്വന്തമാക്കുന്നത്. കരാറില്‍ നിന്നും പിന്‍മാറാന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടും ഇന്ത്യ തയ്യാറായിരുന്നില്ല.

ഫ്രാന്‍സിന്റെ റഫേല്‍ യുദ്ധവിമാനങ്ങളും ഇന്ത്യയുടെ സൈനിക ശക്തി പത്തിരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതാണ്. അടുത്തയിടെയാണ് ലോകത്തെ നമ്പര്‍ വണ്‍ അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെ ഇന്ത്യസേനയുടെ ഭാഗമായി തീര്‍ന്നിരുന്നത്. കര- നാവിക- വ്യോമസേനകളുടെ ആധുനീകവല്‍ക്കരണം വലിയ ആത്മവിശ്വാസമാണ് ഇന്ത്യന്‍ സേനയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതോടെ ലോക സൈനിക ശക്തിയില്‍ തന്നെ വലിയ മുന്നേറ്റമാണ് ഇന്ത്യയിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Staff Reporter

Top