ന്യൂഡല്‍ഹി: നുഴഞ്ഞു കയറ്റക്കാരെ സഹായിക്കുന്ന പാക് നീക്കത്തിന് തിരിച്ചടി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാകിസ്ഥാന് നേരെ ഇന്ത്യ ടാങ്ക് വേധ മിസൈല്‍ പരീക്ഷിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത് വാര്‍ത്താ ഏജന്‍സിയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. കുപാവാര സെക്ടറിന് എതിര്‍ വശത്തുളള പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ടാങ്ക് വേധ മിസൈലുകള്‍ക്കൊപ്പം ഷെല്ലാക്രമണവും നടത്തി.
ഫെബ്രുവരി മൂന്നാംവാരം നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ആക്രമണത്തിന് ശേഷം ഇക്കഴിഞ്ഞ മൂന്നിനും പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നു. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പ്രത്യാക്രമണം ഇന്ത്യ നടത്തിയതായും, ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ജനുവരി ഒന്നിനും ഫെബ്രുവരി 23നുമിടെ 646 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് കണക്ക്. 27 ഏറ്റുമുട്ടലുകള്‍ നടന്നു. നുഴഞ്ഞു കയറാന്‍ ശ്രമിച്ച 45 തീവ്രവാദികളെ വധിച്ചെന്നും ആര്‍മി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി വ്യക്തമാക്കിയിരുന്നു.