സ്വന്തം ജീവൻ ബലിയർപ്പിച്ച് പൊരുതുന്ന സൈനികരുടെ ദു:ഖങ്ങൾക്ക് ഇനി . . .

സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലിഭാരം അംഗീകരിക്കാനാകില്ലെന്ന് ഇപ്പോള്‍ സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയും വ്യക്തമാക്കിക്കഴിഞ്ഞു. അവധി ദിവസങ്ങളോ ആഴ്ചയില്‍ ഉള്ള അവധിയോ സൈനകര്‍ക്ക് നിഷേധിക്കുന്നത് അവരുടെ ആരോഗ്യത്തെയും ഒപ്പം സുസ്ഥിരമായ ഒരു സൈനിക സംവിധാനം ഇല്ലാതാക്കുന്നതിനും കാരണമാകുമെന്നാണ് ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണം.

കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം നേതൃത്വം നല്‍കുന്ന കമ്മറ്റിയാണ് സൈനിക വിഭാഗങ്ങള്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്ന കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി സൈനികരെ ഉപയോഗപ്പെടുത്തുമ്പോള്‍ അവരുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പോലും വേണ്ട വിധം ശ്രദ്ധിക്കാറില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വൃത്തിഹീനമായ താമസ സ്ഥലങ്ങള്‍ അനുവദിക്കുന്നത് അവരെ മാനസികമായി തളര്‍ത്തുന്നതും അന്തസ്സിനെ ചോദ്യം ചെയ്യുന്നതുമാണെന്നും കമ്മറ്റി വ്യക്തമാക്കുന്നു.

ഒരു സിആര്‍പിഎഫ് ജവാന് ദിവസത്തില്‍ 12-14 മണിക്കൂറാണ് ജോലി ചെയ്യേണ്ടി വരിക. ഞായറാഴ്ച ദിവസങ്ങളോ മറ്റ് അവധി ദിനങ്ങളോ അവര്‍ക്ക് ഉണ്ടാകാറില്ല. 80 ശതമാനം സൈനികരും ഇത്തരത്തില്‍ അവധിയെടുക്കാതെയാണ് വര്‍ഷം മുഴുവന്‍ ജോലി ചെയ്യുന്നത്.

24 മണിക്കൂറും ജാഗ്രത പാലിക്കേണ്ട ആളുകള്‍ തന്നെയാണ് സൈനിക വിഭാഗങ്ങള്‍. എന്നാല്‍, വിശ്രമമില്ലാത്ത അവരുടെ ജീവിതം ശാരീരികമായി മാത്രമല്ല, മാനസികമായി പോലും അവരെ തകര്‍ത്തു കളയും.

ഇന്ത്യന്‍ തൊഴില്‍ നിയമത്തില്‍ ഒരു ആഴ്ച 48 മണിക്കൂറാണ് ഒരാള്‍ക്ക് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ സൈനിക വിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതേയില്ല. സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവില്‍ സിആര്‍പിഎഫ് ജവാന്‍മാരുടെ ആവശ്യം വര്‍ദ്ധിച്ചു വരികയാണ്. ഇന്നത്തെ സ്ഥിതിയനുസരിച്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ചെറിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് പോലും കേന്ദ്ര സൈന്യത്തെ ആശ്രയിക്കുന്ന കാഴ്ചയാണുള്ളത്.

98 ശതമാനം ട്രെയ്‌നിംഗ് കമ്പനികളും ഇത്തരത്തില്‍ ജവാന്മാരെ വിവിധ ഇടങ്ങളില്‍ വിന്യസിക്കുകയാണ് പതിവ്. അതിനാല്‍ തന്നെ വലിയ ജോലി ഭാരം ഇന്ത്യയുടെ ജവാന്മാര്‍ക്ക് ദിനംപ്രതി നേരിടേണ്ടി വരുന്നു. ട്രെയ്‌നിംഗില്‍ നിന്നും നേരെ ജോലിയിലേയ്ക്കും തിരിച്ചും നിരന്തരം പണിയെടുക്കേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്.

ചെറിയ നിയമലംഘന പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന പോലീസിനെ ആശ്രയിക്കണമെന്നും കേന്ദ്ര സേന ഇടപെടേണ്ട സാഹചര്യങ്ങളില്‍ അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കേണ്ടത് ഭരണകേന്ദ്രങ്ങളുടെ ഉത്തരവാദിത്വമാണെന്നും സംയുക്ത പാര്‍ലമെന്ററി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ആര്‍മിയിലെ സൈനികരുടെ സ്ഥിതി വലിയ ദുരവസ്ഥയിലൂടെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് വീഡിയോയിലൂടെ തുറന്നു പറഞ്ഞ ലാന്‍സ് സനായിക് റോയി മാത്യുവിന്റെ വാക്കുകള്‍ സത്യമാണ് എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്. എന്നാല്‍ റോയിയുടെ മൃതദേഹമാണ് പിന്നീട് ഇന്ത്യയ്ക്ക് കാണാന്‍ സാധിച്ചത്.

കശ്മീരില്‍ ചെറുപ്പക്കാരെ സൈനിക ജോലിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഭീഷണിയുമായി വീടുകള്‍ തോറും കയറിയിറങ്ങിയും സോഷ്യല്‍ മീഡിയകളിലൂടെയും നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് വിവിധ ഭീകരസംഘടനകള്‍. മനശാസ്ത്രപരമായി ഇന്ത്യന്‍ യുവത്വത്തെ ഇല്ലാതാക്കാന്‍ ഒരു വിഭാഗം പണിയെടുക്കുന്നതിനിടെയാണ് സര്‍ക്കാരുകള്‍ സൈനികരോട് ഈ വില കുറഞ്ഞ സമീപനം കാണിക്കുന്നത്. ഇത് യുവജനങ്ങളുടെ ഊര്‍ജ്ജം ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് രാജ്യത്ത് സൈനികരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായത്. ഈ ശ്രമങ്ങളെല്ലാം വിജയിക്കുന്നു എന്നതിന്റെ ആദ്യ പടിയാണ് സംയുക്ത പാര്‍ലമെന്റ് കമ്മറ്റിയുടെ റിപ്പോര്‍ട്ട്. .

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top