ചൈനയുടേതെന്ന് അവർ അവകാശപ്പെടുന്ന സ്ഥലത്ത് ഇന്ത്യൻ സൈന്യം താമസം തുടങ്ങി !

ന്യൂഡല്‍ഹി: സമാധാനത്തിന് ചൈനീസ് പ്രസിഡന്റ് ആഹ്വാനം ചെയ്തിട്ടും വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ.

ഇന്ത്യ,ചൈന, ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാമില്‍ നിന്നും പിന്‍മാറില്ലന്ന് ഇന്ത്യന്‍ സൈന്യം ഞായറാഴച വീണ്ടും പ്രഖ്യാപിച്ചത് ചൈനയെ വെട്ടിലാക്കിയിരിക്കുകയാണിപ്പോള്‍.

ജി-20 ഉച്ചകോടിക്കിടെ മുന്‍ പ്രഖ്യാപനത്തില്‍ നിന്നും മാറി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് ബ്രിക്‌സ് രാഷ്ട്ര തലവന്‍മാരുടെ യോഗത്തില്‍ ‘സമാധാനത്തോടെ അതിര്‍ത്തി തര്‍ക്കം’ പരിഹരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

62 ലെ അനുഭവം ഓര്‍മ്മിപ്പിച്ച് വീണ്ടും ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്ലന്നും പ്രഖ്യാപിച്ച ചൈനയുടെ ഈ മലക്കം മറിച്ചില്‍ ലോക നേതാക്കളെപോലും അത്ഭുതപ്പെടുത്തിയിരുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ നിലപാടില്‍ അയവു വരുത്തുമെന്നാണ് ചൈന കരുതിയിരുന്നത്. എന്നാല്‍ അവരുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ച് ദോക് ലാമില്‍ ദീര്‍ഘനാള്‍ തങ്ങുന്നതിനായി വന്‍ തയ്യാറെടുപ്പുകളാണ് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

ഭൂട്ടാന്‍ ഭൂട്ടാന്റേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്ത് വന്‍ സന്നാഹത്തോടെ ഇന്ത്യ നിലയുറപ്പിച്ചത് ചൈനയെ സംബന്ധിച്ച് തലക്ക് മുകളിലിരുന്ന് വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

ദീര്‍ഘകാലാവശ്യത്തിനുള്ള കൂടാരങ്ങള്‍ ഇവിടെ ഇന്ത്യ നിര്‍മ്മിക്കാന്‍ തുടങ്ങിയതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

സാധന സാമഗ്രഹികളും വന്‍ ആയുധശേഖരവുമായി കൂടുതല്‍ ഇന്ത്യന്‍ സൈനിക വാഹനങ്ങള്‍ തര്‍ക്ക പ്രദേശത്തേക്ക് എത്തി കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്തുതരത്തിലുള്ള സമ്മര്‍ദ്ദമുണ്ടായാലും അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ഇന്ത്യ ചൈനയ്ക്കു നല്‍കുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനികമാര്‍ഗം തേടേണ്ടിവരുമെന്ന ചൈനയുടെ ഭീഷണിക്ക് ഇതു പഴയ ഇന്ത്യയല്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഭീഷണികള്‍ക്ക്‌പോലും അതേ നാണയത്തില്‍ ലഭിക്കുന്ന ചുട്ട മറുപടി ചൈനയുടെ പ്രതീക്ഷകള്‍ക്കും അപ്പുറമാണ്.

ഗൗരവമുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നതാണ് ചൈനയുടെ ആവശ്യം. നയതന്ത്രപരിഹാരം കാണാനുള്ള മനക്കരുത്തു ചൈനയ്ക്കുണ്ടെന്നും ചൈന ഭൂട്ടാന്റെ ഭൂപ്രദേശത്ത് അനധികൃതമായി കടന്നുകയറിയിട്ടില്ലന്നും, ദോക് ലാ ചൈനയുടെ അധികാരാതിര്‍ത്തിക്കുള്ളിലാണെന്നുമാണ് ചൈനയുടെ വാദം.

ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക് ലാമില്‍ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ അവര്‍ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇത് ഒരിക്കലും ചൈന പ്രതീക്ഷിച്ചിരുന്നില്ല.

ഭൂട്ടാനില്‍ കയറി ഇന്ത്യന്‍ സൈന്യം ചൈനയെ വെല്ലുവിളിക്കുന്നത് അസാധാരണമായ സംഭവമാണെന്നാണ് ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top