തദ്ദേശീയമായി വികസിപ്പിച്ച റൈഫിളുകള്‍ വേണ്ടെന്ന് സൈന്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു വീണ്ടും തിരിച്ചടി നല്‍കി തദ്ദേശീയമായി വികസിപ്പിച്ച റൈഫിളുകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അനുമതി നിഷേധിച്ച് സൈന്യം.

എകെ 47 തോക്കുകള്‍ക്കും ഇന്‍സാസ് റൈഫിളുകള്‍ക്കും പകരമായി നിര്‍മിച്ച റൈഫിളുകള്‍ വാങ്ങുന്നതിനാണ് സൈന്യം അനുമതി നിഷേധിച്ചത്.

സര്‍ക്കാരിന്റെ ഉടസ്ഥതയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡില്‍ നിര്‍മിച്ച റൈഫിളുകള്‍ കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയില്‍ പരാജയപ്പെട്ടതിന്റെ രേഖകള്‍ എന്‍ഡിടിവി പുറത്തുവിട്ടു. യുദ്ധമുഖത്ത് ഉപയോഗിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ വ്യക്തമാക്കി.

റൈഫിളുകളുടെ പ്രവര്‍ത്തനം ലളിതമാകണമെങ്കില്‍ മാഗസിനുകള്‍ പൂര്‍ണമായി പുനര്‍രൂപകല്‍പ്പന ചെയ്യണമെന്നാണ് സൈന്യം നിര്‍ദേശിച്ചിരിക്കുന്നത്. സാങ്കേതികമായി ഈ റൈഫിളുകള്‍ക്ക് ഏറെ പോരായ്മകളുണ്ട്. നിരവധി പിഴവുകള്‍ക്കു പുറമേ വെടിയുതിര്‍ക്കുന്നതിനിടെ നിന്നു പോകുന്നതുള്‍പ്പെടെയുള്ള പിഴവുകളാണ് തദ്ദേശീത നിര്‍മിത തോക്കുകളുടെ അപാകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞവര്‍ഷവും തദ്ദേശീയമായി നിര്‍മിച്ച എക്‌സ്‌കാലിബര്‍ എന്ന റൈഫിളുകള്‍ പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാട്ടി സൈന്യം ഉപയോഗാനുമതി നിഷേധിച്ചിരുന്നു.

സൈന്യത്തിന് ആവശ്യമായ പ്രഹരശേഷിയുടെ അടുത്തെങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് സൈനിക നേതൃത്വം അനുമതി നിഷേധിച്ചത്.

Top