ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസ് മിസൈലിന്റെ കരയില്‍ നിന്ന് കരയിലെ ലക്ഷ്യത്തിലേക്ക് തൊടുത്തു വിടാന്‍ കഴിയുന്ന പുതിയ പതിപ്പ് വിജയകരമായി വിക്ഷേപിച്ചു.
ബ്രഹ്‌മോസ് ശബ്ദാതിവേഗ മിസൈലിന്റെ പുതിയ പതിപ്പാണ് വിക്ഷേപിച്ചത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ വച്ച് വാഹനത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്. നിര്‍ദ്ദിഷ്ട ലക്ഷ്യം മിസൈല്‍ അതീവ കൃത്യതയോടെ തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.
സുഖോയ് 30 എംകെഐയില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ ട്രയല്‍ ഡ്രോപ്പ് നേരത്തെ നടത്തിയിരുന്നു. വലുപ്പത്തിലും നീളത്തിലുമെല്ലാം ബ്രഹ്മോസിനോടു സമാനമായ ഡെമ്മി മിസൈലുകളാണ് ഉപയോഗിച്ചിരുന്നത്. എന്‍ജിന്‍, സ്‌ഫോടന വസ്തുക്കള്‍ എന്നിവ ഇതില്‍ ഉണ്ടായിരുന്നില്ല.
സുഖോയില്‍ നിന്നു മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മിസൈല്‍ വിക്ഷേപണത്തിനു ശേഷം എയര്‍ക്രാഫ്റ്റിനുണ്ടാകുന്ന സാഹചര്യങ്ങളും നേരത്തെ വിലയിരുത്തിയിരുന്നു.