Indian Army To Lay Pathankot Leh Rail Track

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നും ലഡാക് തലസ്ഥാനമായ ലേയിലേക്ക് റെയില്‍പാത നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലേക്കുള്ള സൈനിക ട്രൂപ്പുകളുടെ നീക്കം എളുപ്പമാക്കുകയാണ് ഈ പാതയുടെ ലക്ഷ്യം.

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശാന്തകുമാര്‍ എംപിയാണ് പാതയ്ക്ക് അനുമതി ലഭിച്ച കാര്യം വെളിപ്പെടുത്തിയത്.

പാതനിര്‍മാണത്തിന് മുന്നോടിയായുള്ള സര്‍വേ ആരംഭിച്ചതായും കാന്‍ഗ്ര മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗമായ അദ്ദേഹം അറിയിച്ചു.

ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലൂടെയാകും നിര്‍ദ്ദിഷ്ട റെയില്‍പാത കടന്നുപോകുക. ഈ മേഖലകളിലെ സൈനിക ക്യാംപുകളെയെല്ലാം ബന്ധിപ്പിക്കുന്നതായിരിക്കും റെയില്‍പാത.

ഇന്ത്യന്‍ സൈന്യത്തിന്റെ ആവശ്യകതയനുസരിച്ചായിരിക്കും പാതയുടെ നിര്‍മാണമെങ്കിലും സാധാരണക്കാര്‍ക്കും യാത്രാവശ്യങ്ങള്‍ക്ക് പാത ഉപയോഗിക്കാനാകുമെന്ന് മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി കൂടിയായ ശാന്തകുമാര്‍ വ്യക്തമാക്കി.

ഇതുവരെ ഇന്ത്യ കണ്ട സര്‍ക്കാരുകള്‍ പോലെയല്ല ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരെന്നും, അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ കര്‍ശനമായ നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top