ന്യൂയോര്‍ക്ക്: കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മക്കിന്‍സിയില്‍ പങ്കാളിയായിരുന്ന ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ഏകദേശം ആറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് നവ്ദീപ് അറോറ എന്ന ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ന്യൂയോര്‍ക്കില്‍ വച്ച് എഫ്.ബി.ഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചിക്കാഗോ കോടതിയിലാണ് നവ്ദീപിനെതിരെ കേസുള്ളത്. സ്റ്റേറ്റ് ഫാമുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയതായാണ് ആരോപണം. സ്റ്റേറ്റ് ഫാമിന്റെ കണ്‍സള്‍ട്ടിംഗ് കരാര്‍ കിട്ടാന്‍ വേണ്ടി അനധികൃതമായി പണം ചെലവഴിച്ച് നഷ്ടമുണ്ടാക്കിയതായാണ് കേസ്.
ചെലവുകള്‍ സംബന്ധിച്ച് വ്യാജ കണക്കുകള്‍ ബോധിപ്പിയ്ക്കുകയും അനധികൃതമായി വിദേശയാത്രകള്‍ക്ക് ഉള്‍പ്പടെ പണം ചെലവാക്കുകയും ചെയ്തതായി ആരോപണമുണ്ട്. വ്യവസായ ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ വ്യക്തിപരമായ ധൂര്‍ത്തിന് പണം ചെലവഴിച്ചതായും എഫ്.ബി.ഐ ആരോപിയ്ക്കുന്നു. 2012ല്‍ മക്കന്‍സി വിട്ട് നവ്ദീപ് കെ.പി.എം.ജിയില്‍ ജോയിന്‍ ചെയ്തിരുന്നു. നിലവില്‍ ലണ്ടനിലാണ് താമസിയ്ക്കുന്നത്.