തനിക്ക് ഷോര്‍ട്ട് ബോള്‍ കളിക്കാനറിയില്ലെന്ന ആരോപണങ്ങള്‍ തള്ളി ഇന്ത്യന്‍ ബാറ്റര്‍ ശ്രേയാസ് അയ്യര്‍. ഷോര്‍ട്ട് ബോള്‍ എങ്ങനെ കളിക്കണമെന്ന് തനിക്കറിയാം. ഒരു ബാറ്റര്‍ ഏത് പന്തിലും പുറത്താവാന്‍ സാധ്യതയുണ്ടെന്നും ശ്രേയാസ് പറഞ്ഞു. ശ്രീലങ്കക്കെതിരെ ഇന്ത്യ വിജയിച്ചതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ശ്രേയാസിന്റെ നിലപാട്.
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. 358 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ വെറും 55 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. തങ്ങളുടെ ആദ്യ പന്തുകളില്‍ ഷമിയും സിറാജും ആദ്യ ഓവറില്‍ ഷമിയും വിക്കറ്റ് വേട്ട ആരംഭിച്ചപ്പോള്‍ ശ്രീലങ്കയ്ക്ക് മറുപടിയുണ്ടായില്ല. ടൂര്‍ണമെന്റിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം തികച്ച ഷമിയ്‌ക്കൊപ്പം മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ബുംറ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
”അതെനിക്കൊരു പ്രശ്‌നമാണെന്ന് പറയുമ്പോള്‍ എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? എത്ര പുള്‍ ഷോട്ടുകളാണ് ഞാന്‍ കളിച്ചതെന്ന് നിങ്ങള്‍ കണ്ടോ? ഒരു പന്തിനെ കളിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് ഷോര്‍ട്ട് ബോളാണെങ്കിലും ഓവര്‍ പിച്ച് ആണെങ്കിലും പുറത്താവാ സാധ്യതയുണ്ട്. ഞാന്‍ രണ്ടുമൂന്ന് തവണ ബൗള്‍ഡായാല്‍ നിങ്ങള്‍ പറയും എനിക്ക് ഇന്‍സ്വിങ് പന്ത് കളിക്കാനറിയില്ലെന്ന്. എനിക്ക് ഷോര്‍ട്ട് ബോള്‍ കളിക്കാനറിയില്ലെന്ന തോന്നല്‍ പുറത്തുണ്ടാക്കിയത് നിങ്ങളാണ്.”- ശ്രേയാസ് പറഞ്ഞു.ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ശ്രേയാസ് നടത്തിയത്. തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച താരം 56 പന്തില്‍ 82 റണ്‍സ് നേടി പുറത്താവുകയായിരുന്നു.