മുംബൈ: വിരാട് കോഹ്ലിയെ ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച് പരസ് മാംബ്രേ. നെതര്‍ലന്‍ഡ്സിനെതിരായ ലോകകപ്പ് മത്സരത്തില്‍ കോഹ്ലി ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 25-ാം ഓവറില്‍ ഡച്ച് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സിനെയാണ് കോഹ്ലി മടക്കിയത്. ഇപ്പോള്‍ കോഹ്ലിയുടെ വിക്കറ്റ് നേട്ടത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബൗളിങ് കോച്ച് പരസ് മാംബ്രെ.
നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ 25-ാം ഓവറിലായിരുന്നു കോഹ്ലിയുടെ വിക്കറ്റ് നേട്ടം. 17 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന നെതര്‍ലന്‍ഡ്സ് നായകന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സിനെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ചാണ് കോഹ്ലി മടക്കിയത്. ലെഗ് സൈഡിലേത്ത് കുത്തിത്തിരിഞ്ഞ കോഹ്ലിയുടെ പന്ത് ചെത്തിയിടാന്‍ ശ്രമിച്ച എഡ്വേര്‍ഡ്സിനെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ പിടികൂടുകയായിരുന്നു. ക്യാപ്റ്റനെ വീഴ്ത്തിയ വിക്കറ്റ് ഗ്രൗണ്ടിലും ഗാലറിയിലും കൂട്ടച്ചിരി പടര്‍ത്തുകയും ചെയ്തു.
‘മധ്യനിരയില്‍ ബൗള്‍ ചെയ്യുകയെന്നതായിരുന്നു കോഹ്ലിയെ സംബന്ധിച്ചുണ്ടായിരുന്ന വെല്ലുവിളി. എന്നാല്‍ അത് അവന്‍ മനോഹരമായി തന്നെ ചെയ്തു. അതുകൊണ്ട് ഡെത്ത് ഓവറുകള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. വലംകൈയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ കോഹ്ലി നല്ല രീതിയിലാണ് യോര്‍ക്കറുകള്‍ എറിയുന്നത്. അതിനാല്‍ ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തെ ഉപയോഗിക്കാം’, മാംബ്രെ കൂട്ടിച്ചേര്‍ത്തു.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 160 റണ്‍സുകള്‍ക്കാണ് ഹിറ്റ്മാനും സംഘവും നെതര്‍ലന്‍ഡ്സിനെ കീഴ്പ്പെടുത്തിയത്. 411 റണ്‍സിന്റെ വിജയലക്ഷ്യത്തിന് നെതര്‍ലന്‍ഡ്സിന്റെ മറുപടി 250 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ഏകദിന ലോകകപ്പില്‍ തോല്‍വി അറിയാതെ ഇന്ത്യ ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി. ഓസ്ട്രേലിയയ്ക്ക് മാത്രം സ്വന്തമായിരുന്ന അപരാജിത കുതിപ്പിന്റെ റെക്കോര്‍ഡും ഇതോടെ ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടു.