ചെളിയിലെ ‘മിന്നലോട്ടം’; കര്‍ണ്ണാടകയിലെ ‘ബോള്‍ട്ടിന്’ സായി ട്രയല്‍സ് വിളിവരും!

ര്‍ണ്ണാടകത്തിലെ കാളയോട്ട മത്സരത്തിനിടെ സ്പ്രിന്റ് ഇതിഹാസം ഉസെയിന്‍ ബോള്‍ട്ടിന് സമാനമായ പ്രകടനം കാഴ്ചവെച്ച ശ്രീനിവാസ് ഗൗഡയ്ക്ക് ഇന്ത്യയുടെ സ്‌പോര്‍ട്‌സ് അതോറിറ്റി കോച്ചുമാര്‍ക്കൊപ്പം കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങുന്നു. ഈ മാസം ആദ്യം നടന്ന കംബാല കാളയോട്ട മത്സരത്തിനിടെയാണ് ശ്രീനിവാസ് ഗൗഡ റെക്കോര്‍ഡ് തകര്‍ത്ത ഓട്ടം കാഴ്ചവെച്ചത്.

കംബാലയില്‍ റെക്കോര്‍ഡ് പ്രകടനമാണ് ഈ 28കാരന്‍ കാഴ്ചവെച്ചതെന്ന് വ്യക്തമായതോടെയാണ് ഗൗഡ രാജ്യത്തിന്റെ ശ്രദ്ധ നേടിയത്. ചെളിനിറഞ്ഞ ട്രാക്കില്‍ കാളകള്‍ക്കൊപ്പമാണ് കര്‍ഷകര്‍ ഈ കളിയില്‍ ഓടുക. 142 മീറ്റര്‍ വരുന്ന ഓട്ടം കേവലം 13.42 സെക്കന്‍ഡിലാണ് ശ്രീനിവാസ് ഗൗഡ പൂര്‍ത്തിയാക്കിയത്. കര്‍ണ്ണാടകത്തിലെ പരമ്പരാഗത കായിക ഇനത്തിലെ റെക്കോര്‍ഡാണിത്.

വിവരം സോഷ്യല്‍ മീഡിയയാണ് നാട്ടില്‍ പാട്ടാക്കിയത്. ഇതോടെ പാര്‍ട്ട്‌ടൈം നിര്‍മ്മാണ തൊഴിലാളിയായ ഗൗഡയെ സ്പ്രിന്റ് ഇതിഹാസം ഉസെയിന്‍ ബോള്‍ട്ടുമായി താരതമ്യം ചെയ്യാനും തുടങ്ങി. കണക്കുകള്‍ വെച്ച് നോക്കിയാല്‍ ശ്രീനിവാസ് 100 മീറ്റര്‍ മത്സരം 9.55 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കുമായിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. ഉസെയിന്‍ ബോള്‍ട്ടിന്റെ 100 മീറ്റര്‍ ലോക റെക്കോര്‍ഡിനേക്കാള്‍ 0.03 സെക്കന്‍ഡ് വേഗതയാണിത്.

വിവരം ദേശീയ തലത്തില്‍ എത്തിയതോടെയാണ് ശ്രീനിവാസ് ഗൗഡയ്ക്ക് സായ് ട്രയല്‍സില്‍ ക്ഷണം നല്‍കുമെന്ന് കായിക മന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കിയത്. ഇന്ത്യയിലെ ഒരു കഴിവുള്ള വ്യക്തിയും പരീക്ഷിക്കപ്പെടാതെ ഇരിക്കാന്‍ പാടില്ലെന്നാണ് റിജ്ജു പ്രതികരിച്ചത്. എന്നാല്‍ താന്‍ ബോള്‍ട്ടൊന്നുമല്ലെന്നും ചെളി നിറഞ്ഞ പാടത്ത് ഓടുന്ന സാധാരണക്കാരന്‍ മാത്രമാണെന്നുമാണ് ഗൗഡയുടെ പ്രതികരണം.

Top