തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസിലെ തൊഴിലാളികള്‍ക്ക് ഉടന്‍ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ശമ്പള വിതരണത്തിന്റെ ചുമതല കോടതി നല്‍കിയത്. അഡ്മിനിസ്‌ട്രേറ്ററും ഭരണസമിതിയും തമ്മിലുള്ള തര്‍ക്കം കാരണം കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയിരുന്നു.
തിരുവന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള കോഫി ഹൗസുകളിലെ ജീവനക്കാര്‍ക്കാണ് കഴിഞ്ഞ മാസം ശമ്പളം ഭാഗികമായി മുടങ്ങിയത്. ഈ മേഖലയിലെ കോഫി ഹൗസുകളിലെ നിയന്ത്രണമുള്ള ഭരണസമിതി പിരിച്ചുവിട്ട വ്യവസായവകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
അഴിമതി ആരോപിച്ചായിരുന്നു വ്യവസായ വകുപ്പിന്റെ നടപടി. എന്നാല്‍ സി.ഐ.ടി.യുവിന് അധികാരം പിടിക്കാനുള്ള നീക്കമാണിതെന്ന് ഭരണസമിതി ആരോപിച്ചു. ആസ്ഥാന മന്ദിരം പൂട്ടി അഡ്മിനിഷ്ട്രേറ്ററെ അകത്തു കടത്താതെ സമരം ചെയ്തതോടെയാണ് ശമ്പളവിതരണം മുടങ്ങിയത്. ഇതോടെയാണ് എത്രയും വേഗം മുഴുവന്‍ ശമ്പളവും നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
ശമ്പള വിതരണത്തിന്റെ ചുമതല പിരിച്ചുവിട്ട ഭരണസമിതിക്ക് നല്‍കണമെന്നുള്ളവാദം കോടതി തള്ളി. മറ്റു കാര്യങ്ങള്‍ പരിഗണിക്കുന്നത് കേസ് മെയ് 23 ലേക്ക് മാറ്റി. ഇതോടെ അഡ്മിനിസ്‌ട്രേറ്ററായ സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ ബിന്ദു ചുമതയേറ്റെടുക്കും. എന്നാല്‍ പ്രതിഷേധം ശക്തമാക്കാനാണ് പിരിച്ചുവിട്ട ഭരണസമിതിയുടെ തീരുമാനം.