ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന വിവാദമായി മാഗ്സസെ അവാർഡ് വിവാദം മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ അവാർഡ് നിരസിക്കാനുണ്ടായ കാര്യങ്ങളും പരിശോധിക്കുന്നത് നല്ലതായിരിക്കും. മറ്റു രാഷ്ട്രീയ പാർട്ടികളെ പോലെ കമ്യൂണിസ്റ്റു പാർട്ടികളിൽ വ്യക്തിയല്ല ഘടകം. അവിടെ പാർട്ടിക്കാണ് പ്രാധാന്യം. പിണറായി ആയാലും ശൈലജ ടീച്ചർ ആയാലും സി.പി.എം എടുക്കുന്ന തീരുമാനമാണ് നടപ്പാക്കുക. അവരെ ആ ചുമതലകളിൽ അവരോധിച്ചതും പാർട്ടിയാണ്. സംസ്ഥാനം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രിയാണ് ശൈലജ ടീച്ചർ, അക്കാര്യത്തിൽ യാതൊരു സംശയത്തിനും അടിസ്ഥാനമില്ല. ആ പദവിയിൽ അവർക്ക് ശോഭിക്കാനായത് പിന്നിൽ സി.പി.എം എന്ന പാർട്ടിയും ഉദ്യോഗസ്ഥർ ഉൾപ്പെടെ വലിയ വിഭാഗവും ഉള്ളതു കൊണ്ടാണ്.
രാഷ്ട്രീയ – കക്ഷി ഭേദമന്യേ , നിപ്പ, കോവിഡ് പ്രതിരോധങ്ങളിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകരും സന്നദ്ധ സംഘടനകളും എല്ലാം പങ്കാളിയായിട്ടുണ്ട്. അതു കൊണ്ട് തന്നെ കൂട്ടായ ഒരു പ്രവർത്തനത്തിന് ലഭിക്കേണ്ട അംഗീകാരം ഒരു വ്യക്തിയിൽ ചുരുക്കി നൽകുന്നത് ഉചിതമല്ലന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം കൂടിയായ ശൈലജ ടീച്ചർക്ക് തോന്നിയത് കൊണ്ടാണ് അവാർഡ് സംബന്ധമായ അറിയിപ്പ് കിട്ടിയപ്പോൾ അവർ സി.പി.എം കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തി അവാർഡ് നിരസിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായല്ല ശൈലജ ടീച്ചർ അംഗമായ സി.പി.എം കേന്ദ്ര കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയുമായാണ് ശൈലജ ടീച്ചർ സംസാരിച്ചിരിക്കുന്നത്.
ഫിലിപ്പീന്‍സില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ച പ്രസിഡൻ്റിന്റെ പേരിലുള്ള ഈ അവാർഡ് വാങ്ങുന്നതിലെ അനൗചിത്യം കൂടി പരിഗണിച്ചാണ് ഒടുവിൽ ശൈലജ ടീച്ചർ അവാര്‍ഡ് നിരസിച്ചിരിക്കുന്നത്. അതാകട്ടെ ഒരു കമ്യൂണിസ്റ്റുകാരി സ്വീകരിക്കേണ്ട ശരിയായ നിലപാടുമാണ്. കമ്യൂണിസ്റ്റുകളെ വേട്ടയാടാൻ നേതൃത്വം നൽകിയ മഗ്സെസൈയുടെ ചിത്രം ആലേഖനം ചെയ്ത മെഡലും പ്രശസ്തി പത്രവും കമ്യൂണിസ്റ്റുകാരിയായ ശൈലജ ടീച്ചറുടെ വീട്ടിൽ എത്തുന്നതിൽ തന്നെ വലിയ ശരികേടുണ്ട്. അവാർഡ് നിഷേധിച്ചത് വിവാദമാക്കുന്ന മാധ്യമങ്ങൾ ഇക്കാര്യവും ചർച്ച ചെയ്യാൻ തയ്യാറാകണം.
അന്തർദേശീയ തലത്തിൽ വലിയ വാർത്താപ്രാധാന്യം കിട്ടുന്ന ഇത്തരം അവാർഡുകൾ നിരസിക്കാൻ കമ്യൂണിസ്റ്റുകൾ അല്ലാതെ മറ്റാരും തന്നെ തയ്യാറാകുകയുമില്ല. അതും ഒരു യാഥാർത്ഥ്യമാണ്. ചരിത്രത്തിൽ ആദ്യമായി മാഗ്‌സസെ അവാർഡ് ഒരു രാഷ്ട്രീയ നേതാവിന് നൽകാൻ തീരുമാനിച്ചപ്പോൾ അത് റമോൺ മാഗ്സസെ ശക്തമായി എതിർത്ത ചുവപ്പ് രാഷ്ട്രീയത്തിന്റെ പ്രതിനിധിക്ക് തന്നെ നൽകാൻ തീരുമാനിച്ചത് എന്തായാലും അത്ഭുതപ്പെടുത്തുന്ന തീരുമാനം തന്നെയാണ്. ഇവിടെ കമ്യൂണിസ്റ്റുകൾ നേതൃത്വം നൽകുന്ന ഭരണകൂടത്തെയാണ് ഒടുവിൽ ടീം മാഗ്സസെക്ക് അംഗീകരിക്കേണ്ടി വന്നിരിക്കുന്നത്.
പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് അന്തർദേശീയ തലത്തിൽ നൽകുന്ന വലിയ അവാർഡാണ് മാഗ്സസെ അവാർഡ്. ഫിലിപ്പീൻസ് മുൻ പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ ഈ സമ്മാനം ‘’‘ഏഷ്യയിലെ നോബൽ‘’‘ എന്നാണ് അറിയപ്പെടുന്നത്. ഫിലിപ്പൈൻ സർക്കാരിന്റെ അനുമതിയോടെ ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റോക്ക്ഫെല്ലർ ബ്രദേഴ്‌സ് ഫണ്ടിന്റെ ട്രസ്റ്റികളാണ് 1957 ഏപ്രിലിൽ ആദ്യമായി അവാർഡ് ഏർപ്പെടുത്തിയിരുന്നത്. 2008വരെ ആറ് വിവിധ മേഖലയിൽ മികച്ച പ്രകടനം നടത്തിയവർക്കായിരുന്നു അവാർഡ് നൽകിയിരുന്നത്. 2009 -തു മുതൽ അത് രണ്ട് വിഭാഗങ്ങളിലേക്ക് ചുരുക്കിയാണ് മഗ്സെസൈ അവാർഡ് നൽകി വരുന്നത്.
സർക്കാർ മേഖലയിലെ മികച്ച സേവനം പൊതുമേഖലയിലെ മികച്ച സേവനം, ഒരു സമൂഹത്തിന്റെ നേതൃത്വം, മാധ്യമ രംഗം, സാഹിത്യം, മറ്റ് കല സാംസ്കാരിക മേഖല, സമാധാനം എന്നീ മേഖലയിലെ മികച്ച പ്രകടനം നടത്തിയവർക്ക് നൽകുന്ന അവാർഡായിരുന്നു 2008വരെ ഏർപ്പെടുത്തിയിരുന്നത്. പിന്നീട് അത് ഉയർന്ന് വരുന്ന നേതൃത്വം, എല്ലാ വിഭാഗങ്ങളെയും ചേർത്ത് ഒരു വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് നൽകുന്നത്. കഴിഞ്ഞ അഞ്ച് ദശകങ്ങളിലായി ഈ അവാർഡ് നൽകി വരികയാണ്. എല്ലാ വർഷവും ഫിലിപ്പിൻസിന്റെ തലസ്ഥാന നഗരിയായ മനിലയിലാണ് അവാർഡ്ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മദർ തെരേസ, അരുണ റോയി, സത്യജിത് റെ, എം എസ് സ്വാമിനാഥൻ, തുടങ്ങിയ നിരവധി പ്രമുഖർ രമോൺ മഗ്സെസൈ അവാർഡ് മുൻപ് സ്വീകരിച്ചിട്ടുണ്ട്.
ശൈലജ ടീച്ചർ പുരസ്ക്കാരം നിരസിച്ചതോടെ അന്തർദേശീയ തലത്തിലും അതിപ്പോൾ വലിയ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. അവാർഡ് നിരസിച്ചതിനു പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന് മഗ്സെസൈയുടെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടായതിനാൽ ഇക്കാര്യവും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റുകളും അവരുടെ ശക്തമായ നിലപാടും അങ്ങനെ ഒരിക്കൽ കൂടി ഇന്ത്യൻ അതിർത്തി കടന്നും ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. ലോക ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന് ലോക രാജ്യങ്ങളെ വിസ്മയിപ്പിച്ച കേരളത്തിൽ നിന്നു തന്നെയാണ് ലോകത്തെ വലിയ അവാർഡിനോട് മുഖം തിരിച്ചും കമ്യൂണിസ്റ്റുകൾ ഇപ്പോൾ വ്യത്യസ്തരായിരിക്കുന്നത്. ഈ നിലപാടിനാണ് യഥാർത്ഥത്തിൽ ബിഗ് സല്യൂട്ട് നൽകേണ്ടത്.
EXPRESS KERALA VIEW