ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തെ ബി.സി.സി.ഐ. തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിന് കാരണം കാണിക്കാനും സുനിലിനോട് ബി.സി.സി.ഐ. ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു പരസ്യചിത്രം ഷൂട്ട് ചെയ്യാനായി എത്തിയപ്പോഴാണ് സുനില്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മാനേജരെ സമീപിച്ചത്.
എന്നാല്‍ മാനസിക സമ്മര്‍ദം കാരണമാണ് താന്‍ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതെന്ന് സുനില്‍ സുബ്രഹ്മണ്യം പിന്നീട് നല്‍കിയ ക്ഷമാപണക്കുറിപ്പില്‍ പറഞ്ഞു.
നേരത്തെ പരിശീലകന്‍ രവി ശാസ്ത്രിക്കൊപ്പം കരാര്‍ കാലാവധി അവസാനിച്ച സുനിലിന്റെ കരാര്‍ വെസ്റ്റിന്‍ഡീസ് പര്യടനം കണക്കിലെടുത്ത് 45 ദിവസത്തേയ്ക്ക് കൂടി നീട്ടിനല്‍കുകയായിരുന്നു.