ഏഷ്യന്‍ ഗെയിംഗ് വില്ലേജിലേക്കില്ല; ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചൈനയിൽ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കും

മുബൈ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമുകള്‍ ഗെയിംസ് വില്ലേജില്‍ താമസിക്കില്ല. റുതുരാജ് ഗെയ്കവാദ് നയിക്കുന്ന പുരുഷ ടീം ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താമസിക്കുക. വനിതാ ടീമിനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. ഐസിസി റാങ്കിംഗ് പ്രകാരം ഇന്ത്യന്‍ ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. പുരുഷ വിഭാഗത്തില്‍ 18 ടീമുകളാണ് കളിക്കുന്നു. അവസാന രണ്ട് ആഴ്ച്ചകളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ജൂണ്‍ ഒന്നിലെ ഐസിസി റാങ്കിംഗില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കാണ് ക്വാര്‍ട്ടറിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ നേരിട്ട് പ്രവേശിക്കുക. വനിതാ ടീമുകളുടെ മത്സരശേഷമായിരിക്കും പുരുഷ ടീമുകളുടെ മത്സരം. വനിതാ ടീമുകളുടെ ക്വാര്‍ട്ടര്‍ മത്സരം സെപ്റ്റംബര്‍ 22നാണ്. യോഗ്യത നേടിയാല്‍ സെമി 25നും സ്വര്‍ണ, വെങ്കല മെഡല്‍ മത്സരങ്ങള്‍ 26നും നടക്കും.

പുരുഷ ടീമുകളുടെ ക്വാര്‍ട്ടര്‍ പോരാട്ടം ഒക്ടോബര്‍ അഞ്ചിനും സെമി ഫൈനല്‍ ഒക്ടോബര്‍ ആറിനും സ്വര്‍ണ-വെങ്കല മെഡല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ എഴിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. വനിതാ ടീമിന്റെ ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗറിനെയും പുരുഷ ടീമിന്റെ ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്വാദിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ്മ, റിങ്കു സിംഗ്. വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, അവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാന്‍ സിംഗ് എന്നിവരാണ് പുരുഷ ടീമിലെ പ്രധാന താരങ്ങള്‍.

വനിതാ ടീമില്‍ ഹര്‍ന്‍പ്രീതിന് പുറമെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, മലയാളി താരം മിന്നു മണി, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, അമന്‍ജോത് കൗര്‍, ദേവിക വൈദ്യ, അഞ്ജലി സര്‍വാണി, ടിറ്റാസ് സാധു, രാജേശ്വരി ഗയക്വാദ് എന്നിവരുമുണ്ട്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മോശം പെരുമാറ്റത്തിന് രണ്ട് മത്സര വിലക്കുള്ളതിനാല്‍ വനിതാ ടീം ഫൈനലില്‍ എത്തിയാല്‍ മാത്രമെ ഹര്‍മന്‍പ്രതിന് കളിക്കാനാകു. 2010, 2014 ഏഷ്യന്‍ ഗെയിംസുകളിലും ക്രിക്കറ്റ് മെഡല്‍ ഇനമായിരുന്നെങ്കിലും ഇന്ത്യ ടീമിനെ അയച്ചിരുന്നില്ല.

Top