ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് ഇന്ന് 35 -ാം പിറന്നാള്‍

ന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് ഇന്ന് 35 വയസ് തികയുകയാണ്. ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല ഒരു ഫീല്‍ഡറായും ഇന്ത്യ ഏറെ ആശ്രയിക്കുന്ന താരമാണ് രവീന്ദ്ര ജഡേജ. 2019ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യ പരാജയപ്പെടുമ്പോള്‍ ജഡേജ അവസാനം വരെ പൊരുതിയിരുന്നു. 2023ലും ജഡേജയ്ക്ക് കിരീട നേട്ടമില്ല. ഇനിയൊരു ലോകപോരാട്ടത്തിന് ഈ ഓള്‍ റൗണ്ടര്‍ ഉണ്ടാകുമോ എന്ന് കാത്തിരുന്നെ അറിയാന്‍ കഴിയു.

1988 ഡിംസബര്‍ ആറിനാണ് രവീന്ദ്ര ജഡേജയുടെ ജനനം. ദാരിദ്ര്യം മറയ്ക്കാന്‍ ജഡേജയോട് ക്രിക്കറ്റ് കളിക്കാന്‍ അമ്മയും സഹോദരങ്ങളും ആവശ്യപ്പെട്ടു. ജഡേജയ്ക്ക് 17 വയസായപ്പോള്‍ മാതാവ് ലതാബെന്‍ മരണത്തിന് കീഴടങ്ങി. ക്രിക്കറ്റ് കളിക്കാന്‍ പന്ത് വാങ്ങാന്‍ പണം നല്‍കാത്തതിനാല്‍ ജഡേജയെ ബാറ്റ് ചെയ്യാന്‍ അനുവദിച്ചിരുന്നില്ല.

സര്‍ക്കാര്‍ നടത്തിയിരുന്ന ക്രിക്കറ്റ് ബംഗ്ലാവ് അക്കാദമിയില്‍ ജഡേജ എത്തുമ്പോള്‍ 10 വയസായിരുന്നു ജഡേജയ്ക്ക്. പൊലീസ് ഉദ്യോഗസ്ഥനും അനിരുദ്ധ് സിന്‍ഹയുടെ സുഹൃത്തുമായ മഹേന്ദ്രസിങ് ചൗഹാനാണ് ജഡേജയെ ബാറ്റ് ചെയ്യാനും സ്പിന്‍ ബൗളിംഗും പഠിപ്പിച്ചത്. എന്നാല്‍ ചൗഹാന്‍ അത്രമേല്‍ വലിയൊരു ക്രിക്കറ്റ് താരമായിരുന്നില്ല.2005ല്‍ 16-ാം വയസില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ജഡേജ അരങ്ങേറി. 2006ല്‍ ദുലീപ് ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്കും കടന്നുവന്നു. 2008ല്‍ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ജഡേജ ആയിരുന്നു ഉപനായകന്‍. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ആ വര്‍ഷം ഇന്ത്യ അണ്ടര്‍ 19 ലോകകിരീടം നേടി. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഐപിഎല്‍ ടീമില്‍ നിന്നും ജഡേജയ്ക്ക് വിളി വന്നു.

2009ല്‍ ഇന്ത്യന്‍ ദേശീയ ടീമിലും ജഡേജ അരങ്ങേറ്റം കുറിച്ചു. സ്പിന്‍ ബൗളറായി, അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്ററായി, ഇന്ത്യന്‍ മുന്‍നിര തകരുമ്പോള്‍ പക്വതയാര്‍ന്ന ഇന്നിംഗ്‌സുകള്‍ കെട്ടിപ്പടുത്തിട്ടുണ്ട് രവീന്ദ്ര ജഡേജ. ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍, എക്കാലത്തെയും മികച്ച ഫീല്‍ഡര്‍.

 

Top