ന്യൂഡൽഹി : ഇന്ത്യയുടെ പാചകരംഗത്തെ ഇതിഹാസങ്ങളിലൊരാളായ ഇംതിയാസ് ഖുറേഷി (93) അന്തരിച്ചു. രാജ്യത്ത് പാചക കലയ്ക്ക് ആദ്യമായി പത്മ പുരസ്കാരം ലഭിക്കുന്നത് ഖുറേഷിയുടെ കൈപുണ്യത്തിനാണ്. 2016ലായിരുന്നു പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. നവാബുമാരുടെ ഹൃദയം കവർന്ന ലക്നൗ- അവധ് പാചക പരമ്പരയിലെ വിദഗ്ധനായിരുന്നു ഇംതിയാസ് ഖുറേഷി. ദം ബിരിയാണിയിലെ മികവിനും ബുഖാര വിഭവങ്ങൾക്കും പ്രശസ്തനായിരുന്നു. സെലിബ്രിറ്റി ഷെഫായ കുനാൽ കപൂറാണ് മരണവാർത്ത പുറത്തുവിട്ടത്.
രാഷ്ട്രപതിമാർക്കും പ്രധാനമന്ത്രിമാർക്കും വിദേശരാഷ്ട്രത്തലവന്മാർക്കും വിരുന്നൊരുക്കി. ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ വെജിറ്റേറിയൻ വിഭവങ്ങൾകൊണ്ട് നോൺ വെജിറ്റേറിയൻ വിരുന്നു നൽകി അമ്പരപ്പിച്ചിട്ടുണ്ട്. ഐടിസി ഹോട്ടൽ ശൃംഖലയുടെ മാസ്റ്റർ ഷെഫും മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ നാവു കീഴടക്കിയ ഇഷ്ട വിഭവമായ വെളുത്തുള്ളി പായസത്തിന്റെ സ്രഷ്ടാവുമാണ്. 1931ൽ ലക്നൗവിലെ പാചകവിദഗ്ധരുടെ കുടുംബത്തിലായിരുന്നു ജനനം. സിനിമാ – സാമൂഹിക രംഗത്തെ നിരവധിപ്പേരാണു ഇംതിയാസ് ഖുറേഷിക്ക് സമൂഹമാധ്യമങ്ങളിൽ ആദരാഞ്ജലി അർപ്പിക്കുന്നത്.