ന്യൂഡല്‍ഹി: ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നത് മുന്‍ സര്‍ക്കാരുകള്‍ പാകിയ അടിത്തറയില്‍ നിന്നാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് വലിയ പങ്കുണ്ട്. പൂജ്യത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ 1.8 ട്രില്യണ്‍ ഡോളറിലേക്ക് എത്തിച്ചത് കോണ്‍ഗ്രസാണെന്നും ഇതാണ് 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള ഇന്ത്യയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
2024-ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഐ.ഐ.ടി, ഐ.എസ്.ആര്‍.ഒ, ഐ.ഐ.എം തുടങ്ങിയ സ്ഥാപനങ്ങളെല്ലാം സ്ഥാപിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു ആണെന്നും നരസിംഹറാവുവും മന്‍മോഹന്‍ സിങ്ങും ചേര്‍ന്നാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഉദാരമാക്കിയതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൃത്യമായ ആസൂത്രണത്തോടെയാണ് കോണ്‍ഗ്രസ് മുന്നോട്ട് നയിച്ചത്. എന്നാല്‍ മോദി ആസൂത്രണ കമ്മീഷനെ തന്നെ ഇല്ലാതാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.