ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 2018- 2019 വര്‍ഷങ്ങളില്‍ 7.5 ശതമാനം വളര്‍ച്ച പ്രകടമാകുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ക്രൂഡ് ഓയില്‍ വില വര്‍ധന സമ്പദ് വ്യവസ്ഥയെ ബാധിക്കുമെങ്കിലും ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ വര്‍ധന പ്രതീക്ഷിക്കാമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ചൂണ്ടിക്കാട്ടുന്നു.
എണ്ണവിലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി താല്‍ക്കാലിക പണപെരുപ്പം ഉണ്ടായെങ്കിലും വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും, നഗര ,ഗ്രാമ പ്രദേശങ്ങളിലെ ശക്തമായ ആവശ്യകതയും, വളര്‍ച്ചയെ നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്ന് മൂഡീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2018 ല്‍ ജി – 20 കൈവരിക്കുന്ന വളര്‍ച്ച 3. 3 ശതമാനവും, 2019 ല്‍ കൈവരിക്കുന്ന വളര്‍ച്ച 3.1 ശതമാനവുമായിരിക്കുമെന്നാണ് മൂഡീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വികസിത രാജ്യങ്ങളുടെ ജിഡിപി 2018 ല്‍ 2.3 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
രണ്ട് ശതമാനം വര്‍ധനവാണ് 2019ല്‍ വികസിത രാജ്യങ്ങള്‍ കൈവരിക്കുന്നതെന്ന് മൂഡീസ് കണക്കുകൂട്ടുന്നു. അതേ സമയം ജി -20യിലെ വളരുന്ന വിപണികളുടെ വളര്‍ച്ചാ നിരക്ക് 2018ലും 2019ലും 5.1 ശതമാനം തന്നെയായിരിക്കുമെന്നും മൂഡീസ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇക്കഴിഞ്ഞ മേയില്‍ 2018ലെ ജിഡിപി വളര്‍ച്ച സംബന്ധിച്ച നിഗമനം മൂഡീസ് 7.3 ശതമാനമാക്കി വെട്ടിക്കുറച്ചിരുന്നു.