വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്

arun jaitly

ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്.

മുപ്പതു സ്ഥാനങ്ങള്‍ മുന്നേറി ഇന്ത്യ പട്ടികയില്‍ 100-ാം സ്ഥാനത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിനു പിന്നിലെന്നും ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ 190 രാജ്യങ്ങളുടെ പട്ടികയാണ് ലോകബാങ്ക് പുറത്തുവിട്ടത്.

മാത്രമല്ല, ഈവര്‍ഷം ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന മികവു കാട്ടിയ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യപത്തിലും ഇന്ത്യ സ്ഥാനം നേടിയിട്ടുണ്ട്. അടിസ്ഥാന മാറ്റങ്ങള്‍ വരുത്തിയ ഏകരാജ്യവും ഇന്ത്യയാണ്.

2003 മുതല്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ പകുതിയോളം ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് നേട്ടത്തിനു പിന്നിലെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്നു തെളിയിക്കുന്നതാണു ലോകബാങ്കിന്റെ റിപ്പോര്‍ട്ടെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ആദ്യ 100 ല്‍ സ്ഥാനം നേടിയ ഇന്ത്യയ്ക്ക് അടുത്തുതന്നെ 50ല്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Top