ന്യൂഡല്‍ഹി; ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇരു സഭകളുടെയും മുന്നില്‍ സമര്‍പ്പിച്ചു. നാളെ പൊതു ബജറ്റ് അവതരിപ്പിയ്ക്കുന്നതിന് മുന്നോടിയായാണ് സര്‍വ്വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ കാര്‍ഷിക മേഖല, തൊഴില്‍, നിക്ഷേപം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്നും സൂചനയുണ്ട്. കൂടാതെ ഇന്ധനവിലയില്‍ കാര്യമായ കുറവ് വന്നേക്കുമെന്ന് സൂചനയുണ്ട്. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ 12 മാസത്തെ സാമ്പത്തികനില പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. രാജ്യത്തെ സാമ്പത്തികസ്ഥിതിയുടെ അവലോകനമാണ് സര്‍വേയില്‍ ഉണ്ടായിരിക്കുക.
പൊതു ധനക്കമ്മി 2019 സാമ്പത്തിക വര്‍ഷത്തില്‍ 5.8 ശതമാനമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ജനുവരി മാര്‍ച്ച് മാസങ്ങളില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടത്.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ സമ്പദ്ഘടനയെ ഉലച്ചു. 2020 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 7 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വേയില്‍ പറയുന്നു.
നാളെ അവതരിപ്പിയ്ക്കുന്ന ബജറ്റിന്റെ ദിശ എങ്ങോട്ടാണെന്ന സൂചനയും ഇന്നത്തെ സാമ്പത്തിക സര്‍വ്വേ നല്‍കും. പലിശ നിരക്കില്‍ കുറവു വരുത്തുകയോ, ഉത്പാദകര്‍ക്ക് നികുതി ഇളവ് നല്‍കുകയോ ചെയ്യുകയെന്ന രീതി ധനമന്ത്രി കൈകൊള്ളുമോ എന്നതാണ് നാളത്തെ ബജറ്റില്‍ സാമ്പത്തിക ലോകം ഉറ്റ് നോക്കുന്നത് . ധനക്കമ്മിയുടെ നിബന്ധനകള്‍ ഉള്ളതുകൊണ്ട് ഇത് എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയുകയുമില്ല. സര്‍ക്കാരിന്റെ പൊതുചിലവ് വര്‍ധിപ്പച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നതിലുള്ള നടപടികള്‍ക്കും പരിമിതികളുണ്ട്. ഇക്കാര്യത്തിലെ സര്‍ക്കാര്‍ നയവും സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കും.