ഇസ്ലാമാബാദ്: ചാരക്കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാനിലെത്തി. പാക് വിദേശകാര്യമന്ത്രാലയത്തില്‍ വച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയയാണ് കുല്‍ഭൂഷണെ സന്ദര്‍ശിക്കുന്നത്. കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് നടപടി.
കുല്‍ഭൂഷണ്‍ ജാദവുമായി സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തേ ഇന്ത്യ വ്യക്തമാക്കിയിരുന്നു.നയതന്ത്രപ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ സ്വതന്ത്രമായി കാണാന്‍ അനുമതി വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.എന്നാല്‍ പാക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാനാവൂ, കൂടിക്കാഴ്ച്ച റെക്കോര്‍ഡ് ചെയ്യും എന്നുമായിരുന്നു പാക്കിസ്ഥാന്‍ വ്യക്തമാക്കിയത്. ഇത് അംഗീകരിച്ചാണോ കൂടിക്കാഴ്ച എന്ന് വ്യക്തമല്ല.
2017ല്‍ പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന് ആദ്യമായാണ് പാക്കിസ്ഥാന്‍ കോണ്‍സുലര്‍ ആക്‌സസ് നല്‍കുന്നത്. പാക്കിസ്ഥാനോട് നിരവധി തവണ കോണ്‍സുലര്‍ ആക്‌സസ് ആവശ്യപ്പെട്ടുവെങ്കിലും പാക്കിസ്ഥാന്‍ അനൂകൂല നടപടി സ്വീകരിക്കാത്തതിനാല്‍ ഇന്ത്യ അന്താഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഉന്നയിച്ച ആവശ്യം.
മുന്‍ നാവികസേനാ ഓഫിസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ തടവിലാക്കിയത്. 2017 ഏപ്രിലില്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത മാസം ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷം ജൂലൈ 17ന് കേസ് പരിഗണിച്ച ഹേഗിലെ രാജ്യാന്തര കോടതി പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ തടയുകയായിരുന്നു.
വധശിക്ഷ പുനഃപരിശോധിക്കാന്‍ പാക്കിസ്ഥാനു നിര്‍ദേശം നല്‍കിയ കോടതി, ജാദവിന് നയതന്ത്ര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.