പഞ്ചാബ് പ്രവിശ്യയിലെ പുക ശല്യത്തിന് കാരണം ഇന്ത്യൻ കർഷകർ ; പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉണ്ടാകുന്ന പുക ശല്യത്തിന് കാരണം ഇന്ത്യൻ കർഷകരാണെന്ന ആരോപണവുമായി പാക്കിസ്ഥാൻ.

പുക കാരണം ജനങ്ങള്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനെതിരെ നടപടികള്‍ സ്വീകരിച്ചു വരുന്നതായും സിന്‍ഹുവ വാര്‍ത്താ ഏന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ കർഷകർ കച്ചിക്കും മറ്റും തീയിടുന്നതിനാലാണ് പുക ഉണ്ടാകുന്നതെന്നും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശല്യം കൂടുതലാണെന്നും പഞ്ചാബിലെ പരിസ്ഥിതി സംരക്ഷണ വകുപ്പ് മന്ത്രി സാകിയാ ഷാ നവാസ് ഖാന്‍ പറഞ്ഞു.

മേഖലയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 357 ആണ്. നൂറു പോയിന്റാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 500 കൂടുതല്‍ പോയിന്റ് കടന്നേക്കുമെന്ന് ഭയക്കുന്നതെന്നും പ്രാദേശിക നേതൃത്വം അഭിപ്രായപ്പെട്ടു.

പഞ്ചാബില്‍ കച്ചിക്ക് തീയിടുന്നതും ഇഷ്ടികക്കളങ്ങളില്‍ മലിനീകരമുണ്ടാക്കുന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതും നിയമം മൂലം തടഞ്ഞിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുന്നുണ്ട്. സമീപകാലത്ത് വായുമലിനീകരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 18 പേര്‍ മരിച്ചതായും അധികൃതര്‍ പറയുന്നു.

ഈ കണക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ആരോപണം ഉയർത്തിയിരിക്കുന്നത്.

Top