കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. പുതിയ ക്ലബായ ജംഷഡ്പൂരിൽ പഴയ മികവിലേക്ക് തിരികെയെത്താനാണ് നൈജീരിയൻ താരം ഡാനിയൽ ചിമ ചുക്വു തയ്യാറെടുക്കുന്നത്. അതിനിടെ ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് സംസാരിക്കാനും ചിമ മറന്നില്ല. ദേശീയ മാധ്യമമായ ദി ഹിന്ദുവിനോടായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ത്യൻ താരങ്ങൾക്കൊപ്പം കളിക്കുന്നത് ആസ്വദിക്കുന്നു. ഇന്ത്യൻ ഫുട്ബോളിൽ മികച്ച താരങ്ങൾ നിരവധിയുണ്ട്. എന്നാൽ ഇന്ത്യൻ ഫുട്ബോളിന് മികച്ച പരിശീലകരുടെ കുറവുണ്ട്. യുവതാരങ്ങളെ വളർത്താൻ ഇന്ത്യ കൂടുതൽ ശ്രദ്ധിക്കണമെന്നും ചിമ പറഞ്ഞു.
നൈജീരിയയിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ഈസ്റ്റ് ബംഗാളിലേക്ക് ഡാനിയൽ ചിമ ചുക്വു എത്തിയത് ഏറെ പ്രതീക്ഷയോടെയാണ്. നോർവെ, ചൈനീസ് ഫുട്ബോൾ ലീഗുകളിലെ മികച്ച പ്രകടനത്തിന് ശേഷമാണ് താരം ഇന്ത്യയിലേക്ക് എത്തിയത്. പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിൽ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഈസ്റ്റ് ബംഗാളിനായി 10 മത്സരം കളിച്ച താരം രണ്ട് ഗോളുകൾ മാത്രമാണ് നേടിയത്. ഇതോടെ ഡാനിയൽ ചീമയെ ഈസ്റ്റ് ബംഗാൾ ട്രാൻസ്ഫർ ജാലകത്തിൽ വെച്ചു. ജംഷഡ്പൂരാണ് നൈജീരിയൻ താരത്തിന്റെ പുതിയ തട്ടകം. നാളെ തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗിലൂടെ ഇത്തവണ ചിമ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈസ്റ്റ് ബംഗാളിൽ എത്തിയപ്പോൾ അന്നത്തെ പരിശീലകനായിരുന്ന ഓവൻ കോയൽ തന്നെ പോലെ കളിക്കാൻ സഹതാരങ്ങളോട് പറഞ്ഞിരുന്നു. കോയലുമായി ഉണ്ടായിരുന്നത് മികച്ച ബന്ധമായിരുന്നു. നോർവീജിയൻ ക്ലബായ മോൾഡിൽ അഞ്ച് വർഷം താൻ കളിച്ചു. 31 ഗോളുകൾ മോൾഡിനായി നേടാൻ തനിക്ക് കഴിഞ്ഞു. ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറുമായും തനിക്ക് മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സോൾഷ്യർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായെന്നും ചിമ പറഞ്ഞു.