ശ്വാസ കോശത്തില്‍ അണുബാധ; മുന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ പി.കെ ബാനര്‍ജിയുടെ ആരോഗ്യം ഗുരുതരാവസ്ഥയില്‍. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

1960ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ചത് പി.കെ ബാനര്‍ജിയായിരുന്നു. ഫ്രാന്‍സ് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1962ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17-ാം മിനിറ്റില്‍ ഗോള്‍ നേടി.

1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ 4-2 ന് തോല്‍പ്പിച്ച കളിയില്‍ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിന് ബാനര്‍ജി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമിതി അദ്ദേഹത്തിന് ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി ആദരിച്ചിരുന്നു.

Top