ഹനോയ്: സിംഗപ്പുരിന് എതിരായ സൗഹൃദ ഫുട്ബോൾ പോരാട്ടത്തിൽ ഇന്ത്യക്ക് സമനില. ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും ഒരോ ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യം സിംഗപ്പുരാണ് വല ചലിപ്പിച്ചത്. അധികം താമസിയാതെ മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോൾ ഇന്ത്യക്ക് സമനില സമ്മാനിച്ചു.
മത്സരത്തിന്റെ 37ാം മിനിറ്റിലാണ് സിംഗപ്പുർ ലീഡ് സ്വന്തമാക്കിയത്. ഫ്രീകിക്കിലൂടെയാണ് സിംഗപ്പുർ ലീഡ് എടുത്തത്. ഇഖ്സാൻ ഫൻഡിയാണ് ആണ് ഗോൾ നേടിയത്. എന്നാൽ ഈ ഗോളിന് നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യ മറുപടി നൽകി. 43ാം മിനുട്ടിൽ ആഷിഖ് കുരുണിയനിലൂടെ ഇന്ത്യ സമനില സ്വന്തമാക്കി. സുനിൽ ഛേത്രിയുടെ പാസിൽ നിന്നായിരുന്നു ആഷിഖിന്റെ ഫിനിഷിങ്.
രണ്ടാം പകുതിയിൽ ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. ഈ മാസം 27ന് ഇന്ത്യ വിയറ്റ്നാമുമായി സൗഹൃദ പോരാട്ടം കളിക്കും.