indian former navy officer khulbhushan yadav sentenced to death in pakistan

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ യാദവിന് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു.

ഇന്ത്യന്‍ ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിന് കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ പിടികൂടിയത്.

2003 മുതല്‍ ഇറാനിലെ ചഹ്ബഹറില്‍ കച്ചവടം നടത്തിവന്ന യാദവ് പാക്കിസ്ഥാനിലേക്കു കടക്കും വഴിയാണു പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയുടെ വലയിലായത്.
കുല്‍ഭുഷണ്‍ യാദവിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) റജിസ്റ്റര്‍ ചെയ്തിരുന്നു. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണിത്. യാദവ് ഇന്ത്യന്‍ നാവിക സേനയില്‍ കമാന്‍ഡര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്നും, ഇപ്പോള്‍ ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

താന്‍ ഇന്ത്യന്‍ നാവിക സേനയില്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നു യാദവ് ഏറ്റുപറയുന്ന ‘കുറ്റസമ്മത വിഡിയോ’യും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, നാവികസേനയില്‍ നിന്നു നേരത്തേ വിരമിച്ച കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനല്ലെന്നും, സര്‍ക്കാരുമായി ഇദ്ദേഹത്തിന് ഒരു ബന്ധവും ഇല്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം, കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ, ഇന്ത്യ – പാക്ക് ചര്‍ച്ചകള്‍ക്കും തിരിച്ചടിയാകും. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി നേരിട്ടു ബന്ധമുള്ളയാളാണ് യാദവ് എന്നു പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തു.

Top