ന്യൂഡല്‍ഹി ; നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ രാജ്യത്തെ ജിഡിപിക്ക് വന്‍ ഇടിവ്. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ രാജ്യത്തെ മൊത്തം ആഭ്യന്തര (ജിഡിപി) ഉല്‍പ്പാദനം 7.1 മാത്രമാണ്. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഡിപി 8.2 ശതമാനമായിരുന്നു.
രാജ്യത്തെ ജിഡിപി കുറയുമെന്ന് പല റേറ്റിങ് ഏജന്‍സികളും നേരത്തേ പ്രവചനം നടത്തിയിരുന്നു. ഇന്ത്യയുടെ ജിഡിപി 7.4 ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍, പ്രതീക്ഷിച്ചതിലും ഇടിവ് ജിഡിപിയില്‍ രേഖപ്പെടുത്തിയത് സാമ്പത്തിക വിദഗ്ധരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇന്ത്യയുടെ ജിഡിപി 6.3 ശതമാനമായിരുന്നു.
എന്നാല്‍, അന്ന് ഇന്ത്യന്‍ സമ്പദ്ഘടന ജിഎസ്ടിയുടെയും നോട്ട് നിരോധനത്തിന്റെയും പ്രതിസന്ധികള്‍ നേരിടുകയായിരുന്നു. ഉല്‍പ്പാദന മേഖല സെപ്റ്റംബര്‍ പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ മൈനിംഗ്, ക്വാറി മേഖലകളുടെ വളര്‍ച്ച 2.4 ശതമാനത്തില്‍ ഒതുങ്ങി.
നിര്‍മ്മാണ മേഖലയില്‍ 7.8 ശതമാനം വളര്‍ച്ചയും ഫാമിംഗ് സെക്ടറില്‍ 3.8 ശതമാനം വളര്‍ച്ച നിരക്കും രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ നിന്ന് ജിഡിപി നിരക്കില്‍ ഇടിവ് നേരിട്ടെങ്കിലും, ഇന്ത്യ ചൈനയെക്കാള്‍ ഉയര്‍ന്ന വളര്‍ച്ച പ്രകടിപ്പിക്കുന്ന സമ്പദ്‌വ്യവസ്ഥയായി ഇപ്പോഴും തുടരുകയാണ്.
അതേസമയം ജിഡിപി കുറഞ്ഞത് നിരാശപ്പെടുത്തുന്നുവെന്നാണ് സാമ്പത്തിക സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്തെ (2010-11) സാമ്പത്തിക വളര്‍ച്ചനിരക്കില്‍ കുറവുവരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു.