ജിഎസ്ടി; ലോകത്തില്‍ ഏറ്റവും സങ്കീര്‍ണ്ണമായത് ഇന്ത്യയുടേതെന്ന് ലോകബാങ്ക്

gst

ന്യൂഡല്‍ഹി: ലോകത്തില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) സമ്പ്രദായം ഇന്ത്യയുടേതാണെന്ന് ലോകബാങ്ക്. ഏറ്റവും കൂടിയ നികുതിനിരക്കുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്നും കൂടുതല്‍ നികുതി സ്ലാബുകളും ഇന്ത്യയിലാണെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി. ജി.എസ്.ടി. നടപ്പാക്കിയിട്ടുള്ള 115 രാജ്യങ്ങളുടെ നില പരിശോധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഇന്ത്യയിലെ ഉയര്‍ന്ന ജി.എസ്.ടി. നിരക്ക് 28 ശതമാനമാണ്. ഇന്ത്യയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ചിലിയിലുള്ളത്. വ്യത്യസ്ത നികുതി സ്ലാബുകളാണ് മറ്റൊന്ന്. അഞ്ച്, 12, 18, 28 എന്നിങ്ങനെ നാലു നികുതി സ്ലാബുകളാണ് ഇന്ത്യയിലുള്ളത്. അതേസമയം, ചില ഉല്‍പന്നങ്ങളെ ഇന്ത്യ നികുതി രഹിതമാക്കിയിട്ടുമുണ്ട്. സ്വര്‍ണത്തിന് സ്ലാബില്‍നിന്നു വ്യത്യസ്തമായി മൂന്നു ശതമാനം നികുതി ഈടാക്കുന്നു.

എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഊര്‍ജം, റിയല്‍ എസ്റ്റേറ്റ് എന്നിവയെ ജി.എസ്.ടി.യില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നു. ഇതെല്ലാമാണ് ഇന്ത്യയിലെ ജി.എസ്.ടി.യെ സങ്കീര്‍ണമാക്കുന്നതെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

49 രാജ്യങ്ങളില്‍ ജി.എസ്.ടി.യില്‍ ഒറ്റനികുതിനിരക്കും 28 എണ്ണത്തില്‍ രണ്ടു നികുതി നിരക്കുകളുമാണുള്ളത്. ഇന്ത്യ ഉള്‍പ്പെടെ അഞ്ചുരാജ്യങ്ങളില്‍ മാത്രമാണ് നാലു വ്യത്യസ്ത നികുതിനിരക്കുകളുള്ളത്. ഇറ്റലി, ലക്സംബര്‍ഗ്, പാകിസ്താന്‍, ഘാന എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ.പുതിയ നികുതിസമ്പ്രദായം ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഇന്ത്യയ്ക്ക് നേട്ടമാകുമെന്നും ലോകബാങ്ക് അഭിപ്രായപ്പെട്ടു.

Top