2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള സാധ്യതാ പട്ടിക ഇന്ത്യന്‍ ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാക് പ്രഖ്യാപിച്ചു

മുംബൈ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള സാധ്യതാ പട്ടിക ഇന്ത്യന്‍ ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാക് പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പ് 2026, എഎഫ്സി ഏഷ്യന്‍ കപ്പ് സൗദി അറേബ്യ 2027 പ്രിലിമിനറി ജോയിന്റ് യോഗ്യതാ റൗണ്ട് 2 ന്റെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള 28 അംഗ സാധ്യതാ പട്ടികയാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും രാഹുല്‍ കെ പിയും ടീമില്‍ ഇടംപിടിച്ചു.

പരിക്കേറ്റ അന്‍വര്‍ അലിയും ജീക്സണ്‍ സിംഗും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലുണ്ടാകില്ല. ഈ വര്‍ഷമാദ്യം എസിഎല്ലില്‍ പരിക്കേറ്റ മലയാളി താരം ആഷിഖ് കുരുണിയനും ടീമില്‍ ഇടം ലഭിക്കില്ല. മുംബൈ സിറ്റി എഫ്സി താരം അപ്പൂയയെയും വിക്രം പ്രതാപ് സിംഗിനെയും സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇഷാന്‍ പണ്ഡിതയും ടീമിലുണ്ട്.

നവംബര്‍ 16 ന് കുവൈത്ത് സിറ്റിയിലെ ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യ കുവൈത്തിനെ നേരിടും. പിന്നീട് 21 ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഇന്ത്യ ഖത്തറിനെയും നേരിടും. യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി നവംബര്‍ എട്ടിനാണ് ഇന്ത്യന്‍ ടീം ദുബായിലേക്ക് തിരിക്കുക. ഖത്തര്‍, കുവൈറ്റ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ഏഷ്യന്‍ യോഗ്യതാ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് എയിലാണ് ടീം ഇന്ത്യ.

 

Top