ഇന്ത്യന്‍ ഹോക്കി പ്രതിരോധതാരം ബീരേന്ദ്ര ലാക്രയും വിരമിക്കല്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിന് ഇന്ന് നഷ്ടങ്ങളുടെ ദിനം. രൂപീന്ദര്‍ പാല്‍ സിങ്ങിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ താരം ബീരേന്ദ്ര ലാക്രയും വിരമിക്കല്‍ പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ ലാക്ര ഇന്ത്യയുടെ മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്.

2007-ല്‍ ഇന്ത്യന്‍ ഹോക്കി ജൂനിയര്‍ ടീമിലൂടെ അരങ്ങേറ്റം കുറിച്ച ലാക്ര പിന്നീട് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടി. 2012-ല്‍ ഫ്രാന്‍സിനെതിരായ മത്സരത്തിലൂടെ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. 2012-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ സെമി ഫൈനല്‍ വരെ എത്തിച്ചതില്‍ ലാക്രയ്ക്ക് നിര്‍ണായക പങ്കുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി 201 മത്സരങ്ങള്‍ കളിച്ച ലാക്ര പത്തുഗോളുകള്‍ നേടി. 11 വര്‍ഷം നീണ്ട കരിയറാണ് താരം അവസാനിപ്പിക്കുന്നത്. രാജ്യത്തിന് വേണ്ടി കളിക്കാന്‍ സാധിച്ചു എന്നതിലേക്കാള്‍ വലിയ നേട്ടം ഇനി സ്വന്തമാക്കാനില്ലെന്ന് ലാക്ര പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ഹോക്കി കരിയറിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയായിരുന്നു. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് രാജ്യത്തിന് വേണ്ടി കളിച്ചതിനേക്കാള്‍ വലിയ നേട്ടം ഇനി ജീവിതത്തില്‍ സ്വന്തമാക്കാനില്ല.

ഇനി പുതിയ തലമുറയുടെ കാലമാണ്. എന്റെ കരിയറില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടായിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സില്‍ വെങ്കലം നേടാന്‍ സാധിച്ചതില്‍ ഏറെ അഭിമാനിക്കുന്നു. എപ്പോഴും പരിക്ക് എന്നെ അലട്ടിയിരുന്നു. എന്നിട്ടും എനിക്കൊപ്പം നിന്ന് എന്റെ കഴിവിന് വേണ്ട പരിഗണന തന്ന ഹോക്കി ഇന്ത്യയ്ക്ക് ഈ സന്ദര്‍ഭത്തില്‍ നന്ദി അറിയിക്കുന്നു.’- ലാക്ര പറഞ്ഞു.

2014-ല്‍ ഏഷ്യന്‍ ഗെയിംസിലും 2016 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലും സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ലാക്ര ഇന്ത്യയ്‌ക്കൊപ്പം പത്ത് പ്രധാന മെഡലുകള്‍ നേടിയിട്ടുണ്ട്.

 

Top